'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം

അജിത്ത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'വലിമൈ'യുടെ റിലീസ് ഇന്നലെയാണ് പ്രഖ്യാപിക്കപ്പെട്ടത്. 2022 പൊങ്കല്‍ റിലീസ് ആയാണ് ചിത്രം എത്തുക. റിലീസ് പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തില്‍ നിന്നുള്ള ചില രംഗങ്ങളും പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അജിത്ത് ആരാധകരെ എല്ലാ തരത്തിലും തൃപ്‍തരാക്കുന്ന ടോട്ടല്‍ പാക്കേജ് ആയിരിക്കും ചിത്രമെന്ന് പുറത്തെത്തിയ ഫസ്റ്റ് ഗ്ലിംപ്‍സ് വീഡിയോ പറയുന്നു.

'നേര്‍കൊണ്ട പാര്‍വൈ'ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് 'വലിമൈ'. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ അജിത്ത് കുമാര്‍ ഒരു പൊലീസ് വേഷത്തിലാണ് എത്തുന്നത്. 'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ഒരു ചിത്രം ഇപ്പോഴാണ്. കാര്‍ക്കശ്യക്കാരനായ ഒരു പൊലീസ് ഓഫീസറാണ് അജിത്തിന്‍റെ കഥാപാത്രം. ടൈറ്റില്‍ റോളിലാണ് 'തല' എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. കാര്‍ത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാര്‍, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. നീരവ് ഷാ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona