ഹൗസ്ഫുൾ ഫ്രാഞ്ചൈസിയുടെ അഞ്ചാം ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ക്രൂയിസ് കപ്പലിൽ നടക്കുന്ന കഥയിൽ, കോടീശ്വരന്റെ അവകാശിയെ ചൊല്ലിയുള്ള തർക്കങ്ങളും കൊലപാതകവും നിഗൂഢതയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

മുംബൈ: ബോളിവുഡിലെ ഏറ്റവും വലിയ കോമഡി ഫ്രാഞ്ചൈസികളില്‍ ഒന്നാണ് ഹൗസ്ഫുള്‍. ഇപ്പോള്‍ തമാശ, ആശയ കുഴപ്പങ്ങൾ, നിഗൂഢത എന്നിവയെല്ലാം നിലനിര്‍ത്തുന്ന ഈ ഫ്രാഞ്ചെസിയിലെ അഞ്ചാം ചിത്രം ഹൗസ്ഫുൾ 5 ന്‍റെ ട്രെയിലര്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ ട്രെയിലര്‍ വന്‍ ശ്രദ്ധയാണ് നേടുന്നത്. ബോളിവുഡിന്‍റെ ബിഗ് ബി അമിതാഭ് ബച്ചന്‍ പോലും ട്രെയിലറിനെ പ്രകീര്‍ത്തിച്ച് രംഗത്ത് എത്തി.

സാജിദ് നദിയാദ്‌വാല നിർമ്മിച്ച് തരുൺ മൻസുഖാനി സംവിധാനം ചെയ്ത ഈ ചിത്രം, ഹൗസ്ഫുൾ ചിത്രങ്ങളെ ഹിറ്റാക്കിയ എല്ലാ ഫോര്‍മുലയും ചേര്‍ത്താണ് ഒരുക്കിയത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. വന്‍താര നിര അണിനിരക്കുന്ന ചിത്രം ഇത്തവണ ഒരു ക്രൂയിസ് കപ്പലില്‍ നടക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. 

69 ബില്യൺ ഡോളർ മൂല്യമുള്ള ബിസിനസ് സാമ്രാജ്യത്തിന്‍റെ ഉടമയായ കോടീശ്വരൻ, തന്റെ അവകാശിയായി ജോളി എന്ന് വിളിക്കുന്നയാളെ തിരഞ്ഞെടുക്കുന്നു. എന്നാൽ അക്ഷയ് കുമാർ, അഭിഷേക് ബച്ചൻ, റിതേഷ് ദേശ്മുഖ് എന്നിവർ തങ്ങൾ ജോളിയാണെന്ന് അവകാശപ്പെട്ട് രംഗത്ത് എത്തുന്നതോടെ കഥ രസകരമാകുന്നു.

മൂവരും അവരുടെ ഓർമ്മകളെ ഇല്ലാതാക്കുന്ന ഒരു പാനീയം കുടിക്കുന്നതോടെ കഥ മൊത്തം രസകരമാകുന്നു. ഒപ്പം ക്രൂയിസ് പാർട്ടിയില്‍ രാത്രി കോടീശ്വരൻ മരിക്കുന്നു, പിന്നാലെ വലിയ ചോദ്യങ്ങൾ ഉയർന്നുവരുന്നു - യഥാർത്ഥ ജോളി ആരാണ് കോടീശ്വരനെ കൊന്നത്, ശരീരം എവിടെ പോയി? ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ ഉയരുന്നു. 

കഥാതന്തു കൂടുതൽ സങ്കീർണമാകുമ്പോൾ, സഞ്ജയ് ദത്തും ജാക്കി ഷ്രോഫും അവതരിപ്പിക്കുന്ന രണ്ട് കർക്കശക്കാരായ പോലീസുകാരുടെയും നാനാ പടേക്കർ ജീവൻ നൽകുന്ന മറ്റൊരു നിഗൂഢ കഥാപാത്രത്തിന്റെയും രംഗപ്രവേശത്തോടെ കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെടുന്നു.

ജാക്വലിൻ ഫെർണാണ്ടസ്, സോനം ബജ്‌വ, നർഗീസ് ഫക്രി എന്നിവര്‍ ഗ്ലാമര്‍ റോളില്‍ ചിത്രത്തില്‍ എത്തുന്നുണ്ട്. 2025 ജൂൺ 5 ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. പ്രധാന താരങ്ങള്‍ക്ക് പുറമേ സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കർ, ചിത്രാംഗദ സിംഗ്, ഫർദീൻ ഖാൻ, ചങ്കി പാണ്ഡെ, ജോണി ലിവർ, ശ്രേയസ് തൽപാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശർമ്മ, നികിതിൻ ധീർ, ആകാശ്ദീപ് സാബിർ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. 

YouTube video player

നേരത്തെ 2024 ദീപാവലി റിലീസായി ആദ്യം നിശ്ചയിച്ചിരുന്ന പടമായിരുന്നു ഹൗസ്ഫുൾ 5 പിന്നീട് ചിത്രം 2025 ലേക്ക് മാറ്റുകയായിരുന്നു. നേരത്തെ ചിത്രത്തില്‍ നിന്നും അനില്‍ കപൂര്‍ പിന്‍മാറിയിരുന്നു. ഇത് വലിയ വാര്‍ത്തയായി മാറിയിരുന്നു. ഹൗസ്ഫുള്‍, ഹൗസ്ഫുള്‍ 2 ചിത്രങ്ങള്‍ സാജിദ് ഖാന്‍ ആണ് സംവിധാനം ചെയ്തത്.