ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന പുതിയ സൂപ്പർമാൻ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. 

ഹോളിവുഡ്: ജെയിംസ് ഗണ്‍ സംവിധാനം ചെയ്യുന്ന ഹോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സൂപ്പർമാൻ സിനിമയുടെ ഔദ്യോഗിക ട്രെയിലർ കഴി‌ഞ്ഞ ദിവസം പുറത്തിറങ്ങി. ഡിസി ആരാധകർ കാത്തിരുന്നതെല്ലാം ഈ ട്രെയിലറില്‍ ഉണ്ടെന്നാണ് ആദ്യ റിവ്യൂകള്‍ വന്നത്. 

മാര്‍വല്‍ ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്ന നർമ്മം, ഗംഭീര ആക്ഷൻ, ഇമോഷന് പ്രധാന്യം നല്‍കുന്ന സീനുകള്‍ എന്നിങ്ങനെ ജെയിംസ് ഗണ്‍ ചിത്രത്തിന്‍റെ പ്രത്യേകതകള്‍ എല്ലാം ട്രെയിലറില്‍ കാണാം. പരമ്പരാഗത രീതിയിലുള്ള സൂപ്പര്‍മാനെയാണ് ജെയിംസ് ഗണ്‍ തന്‍റെ രീതിയിലേക്ക് മാറ്റിയത് എന്നത് ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ സമിശ്രമായ ചര്‍ച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. 

ട്രെയിലറിന്‍റെ തുടക്കത്തില്‍ സൂപ്പര്‍മാന്‍റെ കാമുകിയും പത്രപ്രവര്‍ത്തകയുമായ ലോയിസ് ലെയ്ൻ (റേച്ചൽ ബ്രോസ്നഹാൻ) സൂപ്പർമാനെ (ഡേവിഡ് കോറൻസ്വെറ്റ്) ഒരു അഭിമുഖം നടത്തുന്നതായി കാണിക്കുന്നു. സൂപ്പര്‍മാന്‍റെ സാധാരണ ലോകത്തെ വ്യക്തിത്വം ക്ലര്‍ക്ക് കെന്‍റിനെയാണ് സൂപ്പര്‍മാന്‍ എന്ന രീതിയില്‍ അഭിമുഖം നടത്തുന്നത്.

അതിന് പിന്നാലെ സൂപ്പര്‍മാന്‍ നേരിടുന്ന പ്രതിസന്ധികളും, പ്രശ്നങ്ങളും പോരാട്ടങ്ങളും എല്ലാം അനാവരണം ചെയ്യപ്പെടുന്നു. വില്ലന്‍മാരെയും മറ്റും ട്രെയിലറില്‍ അവതരിപ്പിക്കുന്നുണ്ട്. വളരെ കളര്‍ഫുള്ളായാണ് ജെയിംസ് ഗണ്‍ ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. 

ചിത്രത്തിന്‍റെ പ്ലോട്ടും മറ്റും സംബന്ധിച്ച് വന്‍ ചര്‍ച്ചയാണ് എക്സിലും മറ്റും നടക്കുന്നത്. ഡിസി യൂണിവേഴ്സ് റീബൂട്ട് ചെയ്യുന്നതിലെ പ്രധാന ചിത്രം മികച്ച രീതിയില്‍ തന്നെ സംഭവിക്കും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്. പഴയ സൂപ്പര്‍മാന്‍ തീം മ്യൂസിക്ക് ചിത്രത്തില്‍ ഉപയോഗിച്ചത് തന്നെ വളരെ മികച്ച പ്രതികരണമാണ് ഉണ്ടാക്കുന്നത്. 

പുതിയ സൂപ്പർമാൻ ചിത്രം ഡേവിഡ് കോറൻസ്‌വെറ്റിന്‍റെ ഇതുവരെയുള്ള ഏറ്റവും വലിയ ഹോളിവുഡ് പ്രോജക്റ്റ് കൂടിയാണ്. ക്രിസ്റ്റഫർ റീവ് (1978-87), ബ്രാൻഡൻ റൗത്ത് (2006), ഹെന്‍ട്രി കാവിൽ (2013-2022) എന്നിവർക്ക് ശേഷം ബിഗ് സ്‌ക്രീനിൽ സൂപ്പര്‍മാന്‍ വേഷം ചെയ്യുന്ന നാലാമത്തെ നടനാണ് ഡേവിഡ് കോറൻസ്‌വെറ്റ്. സൂപ്പർമാനുമുമ്പ്, ദ പൊളിറ്റീഷ്യൻ, ഹോളിവുഡ്, പേൾ തുടങ്ങിയ പ്രോജക്ടുകളിൽ ഡേവിഡ് പ്രത്യക്ഷപ്പെട്ടിരുന്നു. 

YouTube video player

ഗാര്‍ഡിയന്‍ ഓഫ് ഗ്യാലക്സി എന്ന മാര്‍വലിന്‍റെ ട്രിലോളജി സൂപ്പര്‍ ഹീറോ ചിത്രം ഒരുക്കിയ വന്‍ വിജയം നേടിയ ജെയിംസ് ഗണ്‍ വളരെ കളര്‍ ഫുള്ളായാണ് പുതിയ സൂപ്പര്‍മാന്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് ടീസര്‍ ട്രെയിലര്‍ നല്‍കുന്ന സൂചന. ഡിസി സൂപ്പര്‍ ഹീറോ യൂണിവേഴ്സിന്‍റെ റീബൂട്ട് പടമായാണ് സൂപ്പര്‍മാന്‍ വിശേഷിപ്പിക്കപ്പെടുന്നത്. ജൂലൈ 11, 2025ലാണ് ചിത്രം റിലീസ് ചെയ്യുക.