കബീര്‍ സിംഗിന്‍റെ വന്‍ വിജയത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന ഷാഹിദ് കപൂര്‍ ചിത്രം

ഷാഹിദ് കപൂര്‍ (Shahid Kapoor) നായകനാവുന്ന സ്പോര്‍ട്‍സ് ഡ്രാമ ചിത്രം 'ജെഴ്സി'യുടെ ട്രെയ്‍ലര്‍ (Jersey Trailer) പുറത്തെത്തി. തെലുങ്ക് സംവിധായകന്‍ ഗൗതം തിണ്ണനുറിയുടെ ബോളിവുഡ് അരങ്ങേറ്റമാണ് ചിത്രം. നാനിയെ നായകനാക്കി ഗൗതം 2019ല്‍ തെലുങ്കില്‍ ഒരുക്കിയ ഇതേപേരുള്ള ചിത്രത്തിന്‍റെ റീമേക്ക് ആണ് ചിത്രം. ജീവിതത്തില്‍ വിജയം നേടാന്‍ കഴിയാതെപോയ ഒരു ക്രിക്കറ്ററുടെ വേഷത്തിലാണ് ഷാഹിദ് എത്തുന്നത്. ഒരു ജെഴ്സി വേണമെന്ന മകന്‍റെ ആഗ്രഹം സാധിക്കാന്‍ തന്നെ കഷ്‍ടപ്പെടേണ്ട അവസ്ഥയിലാണ് അര്‍ജുന്‍ റായ്‍ചന്ദ് എന്ന നായക കഥാപാത്രം.

പ്രോജക്റ്റ് പ്രഖ്യാപന സമയത്ത് 2020 ഓഗസ്റ്റില്‍ തിയറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ച ചിത്രമായിരുന്നു ഇത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ചിത്രീകരണം തന്നെ നീണ്ടുപോയി. മൃണാള്‍ താക്കൂര്‍ ആണ് നായിക. റോണിത് കംറ, ഷരദ് കേല്‍ക്കര്‍, പങ്കജ് കപൂര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദില്‍ രാജു, എസ് നാഗ വംശി, അമന്‍ ഗില്‍ എന്നിവരാണ് നിര്‍മ്മാണം. ഛായാഗ്രഹണം അനില്‍ മെഹ്‍ത, എഡിറ്റിംഗ് നവീന്‍ നൂലി, പശ്ചാത്തല സംഗീതം അനിരുദ്ധ് രവിചന്ദര്‍, സ്പോര്‍ട്‍സ് കൊറിയോഗ്രഫര്‍ റോബ് മില്ലര്‍, ആക്ഷന്‍ ഡയറക്ടര്‍ മനോഹര്‍ വര്‍മ്മ. ഡിസംബര്‍ 31ന് തിയറ്ററുകളില്‍ എത്തും. കബീര്‍ സിംഗിന്‍റെ വന്‍ വിജയത്തിനു ശേഷം ഷാഹിദിന്‍റേതായി റിലീസ് ചെയ്യപ്പെടുന്ന ചിത്രവുമാണിത്.