വിജയ് സേതുപതി നായകനാവുന്ന പുതിയ ചിത്രം കാ പെ രണസിങ്കത്തിന്‍റെ ടീസര്‍ പുറത്തെത്തി. കുടിവെള്ളത്തിനായി ഏറെ ദൂരം സഞ്ചരിക്കേണ്ടിവരുന്ന ഗ്രാമീണരും ഭൂമാഫിയയും തമ്മിലുള്ള സംഘര്‍ഷം ടീസറില്‍ പശ്ചാത്തലമായി വരുന്നുണ്ട്. ജാതിക്കും മതത്തിനും ശേഷം വായുവിനും വെള്ളത്തിനും ചുറ്റുമാവും ലോകരാഷ്ട്രീയം കറങ്ങുകയെന്ന് ടീസറില്‍ വിജയ് സേതുപതി അവതരിപ്പിക്കുന്ന ടൈറ്റില്‍ കഥാപാത്രത്തിന്‍റെ ഒരു സംഭാഷണമുണ്ട്. 

പി വിരുമാണ്ടി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ രാജേഷ് ആണ് നായിക. രംഗരാജ് പാണ്ഡെ, യോഗി ബാബു, വേല രാമമൂര്‍ത്തി, സമുദ്രക്കനി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെജെആര്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ കോട്ടപ്പടി ജെ രാജേഷ് ആണ് നിര്‍മ്മാണം. പീറ്റര്‍ ഹെയ്‍ന്‍ ആണ് സംഘട്ടന സംവിധാനം. സംഗീതം ജിബ്രാന്‍.

വിജയ് സേതുപതിയും ഐശ്വര്യ രാജേഷും ഒരുമിച്ചെത്തുന്ന നാലാമത്തെ ചിത്രമാണിത്. 2020 ജനുവരിയിലേക്കായിരുന്നു റിലീസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊവിഡിന്‍റെ അനിശ്ചിതത്വം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റിലീസ് നീണ്ടേക്കും.