സുരേഷ് ഗോപിയുടെ 61–ാം പിറന്നാള്‍ ദിനത്തില്‍ കാവല്‍ സിനിമയുടെ ടീസര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. കസബക്ക് ശേഷം നിധിന്‍ രണ്‍ജി പണിക്കര്‍ ഒരുക്കുന്ന ചിത്രം ഫാമിലി ആക്ഷന്‍ ഡ്രാമയാണ്. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ട് കാലഘട്ടങ്ങളിലായി രണ്ട് ഗെറ്റപ്പുകളിലാണ് സുരേഷ് ഗോപി എത്തുന്നത്. മീശ പിരിച്ച് തോക്കെടുത്ത് നില്‍ക്കുന്ന വിന്റേജ് സുരേഷ് ഗോപി ഗെറ്റപ്പുമായാണ് ടീസര്‍ പുറത്തിറക്കിയിരിക്കുന്നത്. ചാരമാണെന്ന് കരുതി ചികയാന്‍ നില്‍ക്കേണ്ട, കനല്‍ കെട്ടിട്ടില്ലെങ്കില്‍ പൊള്ളും എന്ന സുരേഷ് ഗോപിയുടെ മാസ് ഡയലോഗാണ് ടീസറില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി വീണ്ടും മാസ് റോളിലെത്തുന്ന ചിത്രം ഗുഡ്‌വിൽ എന്റെർടെയിൻമെന്റ്സിനു വേണ്ടി ജോബി ജോർജാണ് നിർമിക്കുന്നത്. നിധിന്‍ രണ്‍ജി പണിക്കര്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സയാ ഡേവിഡ്, ഐ എം വിജയന്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍,സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്,ബിനു പപ്പു,മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രഹണം. രഞ്ജിന്‍ രാജ് സംഗീതം. അനൂപ് സത്യൻ ഒരുക്കിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ മികച്ച തിരിച്ചുവരവാണ് സുരേഷ് ഗോപി നടത്തിയത്.