എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ഒരുക്കുന്ന 9 ചെറു സിനിമകള്‍ ചേര്‍ത്തുള്ള ആന്തോളജി ചിത്രത്തിലാണ് ഈ സിനിമയും

മലയാളി സിനിമാപ്രേമികള്‍ക്ക് മുന്നിലേക്ക് തികച്ചും വ്യത്യസ്തമായ സിനിമകളുമായെത്തിയ ഒരു ഡയറക്ടര്‍- ആക്ടര്‍ കോംബോ ആണ് രഞ്ജിത്ത്- മമ്മൂട്ടി. ബ്ലാക്ക് മുതല്‍ പുത്തന്‍ പണം വരെ അക്കൂട്ടത്തിലെ ഓരോ ചിത്രങ്ങളും വ്യത്യസ്തം. പ്രാഞ്ചിയേട്ടനും പാലേരി മാണിക്യവുമൊക്കെ ആ നിരയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രങ്ങളാണ്. ഇപ്പോഴിതാ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും രഞ്ജിത്തിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് മമ്മൂട്ടി. എം ടി വാസുദേവന്‍ നായരുടെ രചനകളെ ആസ്പദമാക്കി എട്ട് സംവിധായകര്‍ ഒരുക്കുന്ന 9 ചെറു സിനിമകള്‍ ചേര്‍ത്തുള്ള ആന്തോളജി ചിത്രത്തിലാണ് ഈ സിനിമയും ഉള്ളത്. ഇപ്പോഴിതാ ഈ ചെറു ചിത്രത്തിന്‍റെ ഒരു ഗ്ലിംപ്സ് വീഡിയോയും അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്.

എംടിയുടെ 'കടുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന കഥയിലാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീലങ്കയില്‍ ജോലി ചെയ്‍തിരുന്ന അച്ഛന് മറ്റൊരു ബന്ധത്തിലുണ്ടായ മകള്‍ എന്ന് കരുതപ്പെടുന്ന പെണ്‍കുട്ടിയെക്കുറിച്ച് ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍റെ ഓര്‍മ്മയാണ് 'കടുഗണ്ണാവ'. ശ്രീലങ്കയിലെ ഒരു സ്ഥലപ്പേരാണ് അത്. പി കെ വേണുഗോപാല്‍ എന്നാണ് നായക കഥാപാത്രത്തിന്‍റെ പേര്. ഒരു ഔദ്യോഗിക ആവശ്യത്തിനായി ശ്രീലങ്കയിലേക്ക് പോകേണ്ടിവരുന്ന അയാള്‍ പഴയ ഓര്‍മ്മകളെ പൊടിതട്ടിയെടുക്കുകയാണ്. ഈ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.

അതേസമയം പ്രിയദര്‍ശന്‍ (രണ്ട് ചിത്രങ്ങള്‍), ശ്യാമപ്രസാദ്, അശ്വതി വി നായര്‍, മഹേഷ് നാരായണന്‍, ജയരാജ്, സന്തോഷ് ശിവന്‍, രതീഷ് അമ്പാട്ട് എന്നിവരാണ് ആന്തോളജിയിലെ മറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, പാര്‍വതി തിരുവോത്ത്, ബിജു മേനോന്‍, ആസിഫ് അലി, നദിയ മൊയ്തു, നെടുമുടി വേണു, സിദ്ദിഖ്, ഇന്ദ്രജിത്ത് സുകുമാരന്‍, അപര്‍ണ ബാലമുരളി തുടങ്ങി വന്‍ താരനിരയും ഈ ആന്തോളജിയുടെ ആകര്‍ഷണമാണ്. 

ALSO READ : പൊട്ടിച്ചിരിയുമായി സൈജു കുറുപ്പ്; 'ഭരതനാട്യം' ട്രെയ്‌‍ലര്‍ എത്തി

Scroll to load tweet…