ഷാജി കൈലാസിന്‍റെ തിരിച്ചുവരവ് ചിത്രങ്ങളിലൊന്ന്

പൃഥ്വിരാജിനെ (Prithviraj) നായകനാക്കി ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന 'കടുവ'യുടെ ടീസര്‍ (Kaduva Teaser) പുറത്തെത്തി. ഒരു ഷാജി കൈലാസ് ആക്ഷന്‍ ഡ്രാമയില്‍ നിന്നു പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചേരുവകളെല്ലാം ചേര്‍ന്ന ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ. 56 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസറാണ് പുറത്തെത്തിയിരിക്കുന്നത്. കരിയറിലെ ഒരു ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രമാണിത്.

പ്രതിനായകനായി വിവേക് ഒബ്റോയ് എത്തുന്നു എന്നതും പ്രത്യേകതയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്‍ത ലൂസിഫറിനു ശേഷം വിവേക് അഭിനയിക്കുന്ന മലയാളചിത്രവുമാണിത്. ജിനു വി എബ്രഹാമിന്‍റേതാണ് തിരക്കഥ. സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം സുജിത്ത് വാസുദേവ്, എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരാണ് നിര്‍മ്മാണം. കലാസംവിധാനം മോഹന്‍ദാസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, സംഘട്ടനം കനല്‍ കണ്ണന്‍, മാഫിയ ശശി.

എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. കടുവ കൂടാതെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ് ചിത്രം എലോണ്‍ ആണ് മറ്റൊന്ന്. ഇതിന്‍റെ ചിത്രീകരണം ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയായിരുന്നു.

YouTube video player