ഒന്‍പത് വര്‍ഷംകൊണ്ട് മലയാളസിനിമയില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ നടനാണ് അജു വര്‍ഗീസ്. 'മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബ്' മുതല്‍ തുടങ്ങുന്ന കരിയറില്‍ ഇതിനകം അദ്ദേഹം അവതരിപ്പിച്ച നൂറിലധികം കഥാപാത്രങ്ങളില്‍ ബഹുഭൂരിപക്ഷവും നര്‍മ്മത്തിന്റെ മേമ്പൊടിയുള്ള കഥാപാത്രങ്ങളും പ്രകടനങ്ങളുമായിരുന്നു. എന്നാല്‍ അതില്‍നിന്ന് വേറിട്ട കഥാപാത്രവും പ്രകടനവുമായിരുന്നു ഇപ്പോള്‍ തീയേറ്ററുകളിലുള്ള 'ഹെലന്‍' എന്ന ചിത്രം. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള ഒരു പൊലീസുകാരനായാണ് അജു എത്തിയത്. രതീഷ്‌കുമാര്‍ എന്ന കഥാപാത്രമായുള്ള അജുവിന്റെ പ്രകടനത്തിന് പ്രേക്ഷകരില്‍നിന്ന് കൈയടികളും ലഭിച്ചിരുന്നു. ഇപ്പോഴിതാ അടുത്തതായി തീയേറ്ററുകളിലെത്താനിരിക്കുന്ന രഞ്ജിത്ത് ശങ്കറിന്റെ 'കമല'യില്‍ അജു നായകനായാണ് എത്തുന്നത്. പുറത്തെത്തിയ ട്രെയ്‌ലറുകള്‍ അജുവിന്റേത് വ്യത്യസ്ത പ്രകടനമായിരിക്കുമെന്നും പറയുന്നുണ്ട്.

തിരക്കഥയെഴുതിയപ്പോള്‍ നിലവിലെ എല്ലാ നായകന്മാരെക്കുറിച്ചും ആലോചിച്ചെന്നും ആരും യോജിക്കുന്നില്ലെന്ന് തോന്നിയെന്നും അജുവിന്റെ തെരഞ്ഞെടുപ്പിനെക്കുറിച്ച് രഞ്ജിത്ത് ശങ്കര്‍ നേരത്തേ പറഞ്ഞിരുന്നു. റുഹാനി ശര്‍മ്മയാണ് ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷെഹ്നാദ് ജലാല്‍ ആണ് ഛായാഗ്രഹണം. വരികളും സംഗീതവും ആനന്ദ് മധുസൂദനന്‍. എഡിറ്റിംഗ് ആദില്‍ എന്‍ അഷ്രഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഫിലിപ്പ് ഫ്രാന്‍സിസ്. പ്രേതം 2ന് ശേഷമുള്ള രഞ്ജിത്ത് ശങ്കര്‍ ചിത്രം ഈ മാസം 29ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ പുതിയ ട്രെയ്‌ലര്‍ കാണാം.