തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറന്നതിനു പിന്നാലെ സെപ്റ്റംബര്‍ 10ന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍

കങ്കണ റണൗത്തിനൊപ്പം അരവിന്ദ് സ്വാമിയുടെ പ്രകടനം കൊണ്ടും ശ്രദ്ധ നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന തമിഴ് ചിത്രമാണ് 'തലൈവി'. തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന ചിത്രത്തില്‍ ജയലളിതയാവുന്നത് കങ്കണയാണ്. എംജിആറിന്‍റെ റോളില്‍ എത്തുന്നത് അരവിന്ദ് സ്വാമിയുടെ വേഷത്തിലും. സിനിമാപ്രേമികളില്‍ ഇതിനകം വലിയ കൗതുകം സൃഷ്‍ടിച്ചിട്ടുള്ള ചിത്രത്തിന്‍റെ ഒരു സോംഗ് ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 'ഉന്‍തന്‍ കണ്‍കളില്‍' എന്നാരംഭിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്. എംജിആര്‍ കാലഘട്ടത്തിലെ സിനിമാഗാന ചിത്രീകരണ ശൈലിയിലാണ് ഈ ഗാനത്തിന്‍റെ ചിത്രീകരണം. കങ്കണയും അരവിന്ദ് സ്വാമിയും കഥാപാത്രങ്ങളായി ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. ഗാനം 30ന് എത്തും.

എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരുണാനിധിയുടെ റോളില്‍ എത്തുന്നത് നാസര്‍ ആണ്. ഭാഗ്യശ്രീ, സമുദ്രക്കനി, രാജ് അര്‍ജുന്‍, മധുബാല, തമ്പി രാമയ്യ, പൂര്‍ണ്ണ, ഭരത് റെഡ്ഡി തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്. തമിഴ്നാട്ടില്‍ തിയറ്ററുകള്‍ തുറന്നതിനു പിന്നാലെ സെപ്റ്റംബര്‍ 10ന് റിലീസ് നിശ്ചയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. 2019 നവംബറില്‍ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ആദ്യം പ്രഖ്യാപിച്ച റിലീസ് തീയതി ഈ വര്‍ഷം ഏപ്രില്‍ 23 ആയിരുന്നു. എന്നാല്‍ കൊവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ചതോടെ റിലീസ് അനിശ്ചിതമായി നീട്ടിവെക്കുകയായിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona