മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം

തെലുങ്ക് സിനിമയിലെ യുവ താരനിരയില്‍ ഏറെ ആരാധകരുള്ള നടനാണ് വിജയ് ദേവരകൊണ്ട. അര്‍ജുന്‍ റെഡ്ഡിയിലൂടെ മറുഭാഷാ പ്രേക്ഷകരിലേക്കും അദ്ദേഹം എത്തി. എന്നാല്‍ കരിയര്‍ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള ഒരു ചിത്രത്തിലാണ് അദ്ദേഹം അടുത്തതായി എത്തുന്നത്. കരിയറിലെ 12-ാം ചിത്രത്തിന് പേരിട്ടിരിക്കുന്നത് കിങ്ഡം എന്നാണ്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ സ്വഭാവത്തെപ്പറ്റി കൃത്യമായി പറയുന്ന ടീസറിന് 1.55 മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്. 

ജേഴ്സി അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ ഗൗതം തിണ്ണനൂരിയാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. മലയാളി സിനിമാപ്രേമികളെ സംബന്ധിച്ചും കൗതുകകരമായ ഒരു ക്രെഡ‍ിറ്റ് കാര്‍ഡ് ഈ ചിത്രത്തില്‍ ഉണ്ട്. മലയാളികളായ ജോമോന്‍ ടി ജോണും ഗിരീഷ് ഗംഗാധരനുമാണ് ചിത്രത്തിന്‍റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ്, ഫോര്‍ച്യൂണ്‍ 4 സിനിമാസ് എന്നീ ബാനറുകളില്‍ നാഗ വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. എഡിറ്റിംഗ് നവീന്‍ നൂലി. പ്രൊഡക്ഷന്‍ ഡിസൈനിംഗിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആ റോള്‍ കൈകാര്യം ചെയ്തിരിക്കുന്നത് അവിനാഷ് കൊല്ലയാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. തെലുങ്ക് പതിപ്പില്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നറേറ്റര്‍ ആയി എത്തുന്നത്. തമിഴില്‍ ഈ സ്ഥാനത്ത് സൂര്യയും ഹിന്ദിയില്‍ രണ്‍ബീര്‍ കപൂറുമാണ്. സാമ്രാജ്യ എന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. മെയ് 30 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ALSO READ : 'മഹാരാജ ഹോസ്റ്റലി'ന് തുടക്കം; ചിത്രീകരണം എറണാകുളത്ത്

KINGDOM - Official Teaser | Vijay Deverakonda | Anirudh Ravichander | SNaga Vamsi | Gowtam Tinnanuri