സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ഹൊറർ‌ ചിത്രം ക്ഷണത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. തമിഴ് നടൻ ഭരത്, ലാൽ, അജ്മൽ അമീർ, ബൈജു സന്തോഷ്‌ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. പുതുമുഖ താരം സ്നേഹ അജിത് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ അഥിതി വേഷത്തിൽ സംവിധായകൻ ലാല്‍ജോസും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഭരതും അജ്മൽ അമീറും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ പ്രത്യേകതയും ചിത്രത്തിനുണ്ട്. 

മമ്മൂട്ടി നായകനായെത്തിയ അപരിചിതൻ എന്ന ചിത്രത്തിലൂടെ പരിചിതമായ ഓജോ ബോർഡ് ആണ് ചിത്രത്തിന്റെ ​ഗതി നിയന്ത്രിക്കുന്നത്. ഷൂട്ടിങിനായി ലോക്കേഷൻ‌ തേടി നടക്കുന്ന ഫിലിം സ്കൂളിലെ വിദ്യാർഥികൾ ഒടുവിൽ ഒരു ഹിൽ സ്റ്റേഷനിൽ എത്തുകയും താമസം തുടങ്ങുകയും ചെയ്യുന്നു. ഇവിടെവച്ച് പാരാ സൈക്കോളജിസ്റ്റിനെ പരിചയപ്പെടുകയും അയാളിലൂടെ ഓജോ ബോർഡിനെക്കുറിച്ച് അറിയുകയും ചെയ്യുന്നു. പിന്നീടങ്ങോട്ടുള്ള സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ചിത്രം പറയുന്നത്.

ഗോപി സുന്ദർ ആണ് ക്ഷണത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. ഗോപി സുന്ദർ ആദ്യമായാണ് ഒരു ഹൊറർ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കുന്നത്. റഫീഖ് അഹമ്മദ്‌, ബികെ ഹരി നാരായണൻ എന്നിവരുടെ വരികള്‍ക്ക്  ബിജിബാൽ, വിഷ്ണു മോഹൻ സിത്താര എന്നിവരാണ് സംഗീതം പകർന്നിരിക്കുന്നത്. ജെമിന്‍ ജോം അയ്യനേത്ത് ആണ് ഛായാഗ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. എഡിറ്റിങ് സോബിൻ എസ്.

ദഷാൻ മൂവി ഫാക്ടറി, റോഷൻ പിക്ചേർസ് എന്നിവയുടെ ബാനറിൽ റെജി തമ്പി, സുരേഷ് ഉണ്ണിത്താന്‍ എന്നിവര്‍ ചേർന്നാണ് ക്ഷണം നിർമിക്കുന്നത്. തിരക്കഥ,സംഭാഷണം- ശ്രീകുമാർ അരൂക്കുറ്റി. ലേഖാ പ്രജാപതി, ദേവന്‍, പി ബാലചന്ദ്രന്‍, പി ശ്രീകുമാര്‍, കൃഷ്, ആനന്ദ് രാധാകൃഷ്ണന്‍ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

ജാതകം, മുഖചിത്രം, ഉത്സവമേളം, അയാൾ തുടങ്ങിയ ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സുരേഷ് ഉണ്ണിത്താൻ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഏഴാം കടലിനക്കരെ, കൃഷ്ണ കൃപാ സാ​ഗരം തുടങ്ങിയ സീരിയലുകൾ സംവിധാനം ചെയ്യുകയും പത്തിലധികം സീരിയലുകൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്.