കുഞ്ചാക്കോ ബോബന്റെ നായികയായി നയൻതാര എത്തുന്ന ചിത്രമാണ് നിഴൽ. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ഇപ്പോഴിതാ സെറ്റിലെ രസകരമായൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് കുഞ്ചാക്കോ. നിലത്ത് ഒട്ടിപ്പിടിച്ചു കിടന്ന ഒരു സ്റ്റിക്കര്‍ നീക്കാന്‍ പാടുപെടുന്ന നടനെയും അണിയറപ്രവര്‍ത്തകരെയും വീഡിയോയില്‍ കാണാം.

”ഏറ്റവും ലളിതമായ ജോലികള്‍ നിങ്ങളെ എളിയവനാക്കുമ്പോള്‍, ഒരു പേപ്പര്‍ സ്റ്റിക്കര്‍ കൊടുത്ത പണി” എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടിപിടിച്ച സ്റ്റിക്കർ ഇളക്കുന്നതിന് അണിയറ പ്രവർത്തകർ സ്‌ക്രൂ ഡ്രൈവറും ഉപയോ​ഗിക്കുന്നുണ്ട്. എന്തായാലും ആരാധകർ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു. 

കഴിഞ്ഞ മാസം 19-നാണ് നിഴലിന്റെ ചിത്രീകരണം ആരംഭിച്ചത്. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് നിഴല്‍. നയന്‍താരയും ഷൂട്ടിംഗിനായി ജോയിന്‍ ചെയ്തു കഴിഞ്ഞു. സൂരജ് എസ് കുറുപ്പ് ആണ് സംഗീത സംവിധായകൻ. ഉമേഷ് രാധാകൃഷ്‍ണന്‍ ആണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. മലയാളത്തിലെ മറ്റ് പ്രമുഖ അഭിനേതാക്കളും ചിത്രത്തിലുണ്ടാകും. ഹിറ്റ് ചിത്രമായ ലൗ ആക്ഷൻ ഡ്രാമ ആണ് നയൻതാര ഏറ്റവും ഒടുവില്‍ അഭിനയിച്ച മലയാള ചിത്രം.