മംമ്ത മോഹന്‍ദാസിന്‍റേതായി അടുത്ത കാലത്ത് ശ്രദ്ധ നേടിയ കഥാപാത്രമായിരുന്നു ഫോറന്‍സിക്കിലെ ഋതിക സേവ്യര്‍ ഐപിഎസ്. ഫോറന്‍സിക് സയന്‍സ് പശ്ചാത്തലമായ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ടൊവീനോ ആയിരുന്നു നായകന്‍. ഫോറന്‍സിക്കിന് ശേഷം മംമ്തയുടേതായി തീയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രവും ത്രില്ലര്‍ സ്വഭാവത്തില്‍ ഉള്ളതാണ്. പ്രശാന്ത് മുരളി പത്മനാഭന്‍ രചനയും സംവിധാനം നിര്‍വ്വഹിക്കുന്ന 'ലാല്‍ബാഗ്' ആണ് ഈ ചിത്രം. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി.

ബംഗളൂരുവില്‍ ജോലി നോക്കുന്ന മലയാളി നഴ്‍സ് ആണ് മംമ്തയുടെ കഥാപാത്രം. ത്രില്ലര്‍ സ്വഭാവമുള്ള കുടുംബചിത്രം എന്ന സൂചനയാണ് ട്രെയ്‍ലര്‍ നല്‍കുന്നത്. രാഹുല്‍ മാധവ്, സിജോയ് വര്‍ഗീസ്, നേഹ സക്സേന, നന്ദിനി റായ്, രാഹുല്‍ ദേവ് ഷെട്ടി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം രാഹുല്‍ രാജ്. ഛായാഗ്രഹണം ആന്‍റണി ജോ. പൈസാ പൈസാ എന്ന സിനിമയ്ക്കുശേഷം പ്രശാന്ത് മുരളി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.