ഭാഷാഅതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകരുമായി സംവദിച്ച ചിത്രമായിരുന്നു രക്ഷിത് ഷെട്ടി നായകനായ 2019 ചിത്രം അവന്‍ ശ്രീമന്നാരായണ. ഫാന്‍റസി അഡ്വഞ്ചര്‍ കോമഡി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് കേരളത്തിലും പ്രേക്ഷകരെ ലഭിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു കോമഡി അഞ്ച്വഞ്ചര്‍ ചിത്രവുമായി എത്തുകയാണ് സാന്‍ഡല്‍വുഡിന്‍റെ പ്രിയതാരം. കിരണ്‍രാജ് കെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 777 ചാര്‍ലി എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രം പക്ഷേ ഒരു നായയാണ്. ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് അവതരിപ്പിക്കുന്നത്. രക്ഷിത് ഷെട്ടിയുടെ പിറന്നാള്‍ ദിവസമായ ഇന്ന്  ചിത്രത്തിലെ അദ്ദേഹത്തിന്‍റെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടു.

ലൈഫ് ഓഫ് ധര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന വീഡിയോയ്ക്ക് ഒന്നേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുണ്ട്. സംഗീത ശൃംഗേരിയും രാജ് ബി ഷെട്ടിയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പരംവ: സ്റ്റുഡിയോസും പുഷ്‍കര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് നോബിള്‍ പോള്‍ ആണ്. ഛായാഗ്രഹണം അരവിന്ദ് എസ് കശ്യപ്. എഡിറ്റിംഗ് പ്രതീക് ഷെട്ടി. മൈസൂരുവിലും ഉത്തരേന്ത്യയിലെ ചില ലൊക്കേഷനുകളിലും കുറച്ചു ദിവസത്തെ ചിത്രീകരണം മാത്രമാണ് സിനിമയ്ക്ക് ബാക്കിയുള്ളത്.