കാജോൾ നായികയായെത്തുന്ന ഹൊറർ ചിത്രം മായുടെ ട്രെയിലർ പുറത്തിറങ്ങി. പൈശാചിക ശാപം അവസാനിപ്പിക്കാൻ കാളിയായി മാറുന്ന അമ്മയുടെ കഥയാണ് ചിത്രം പറയുന്നത്.

മുംബൈ: കാജോള്‍ നായികയായ വരാനിരിക്കുന്ന ഹൊറർ ചിത്രമായ മായുടെ ട്രെയിലറി പുറത്തുവിട്ടു. വിശാൽ ഫ്യൂരിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലർ വ്യാഴാഴ്ചയാണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്. ഒരു പൈശാചിക ശാപം അവസാനിപ്പിക്കാൻ കാളിയായി മാറുന്ന ഒരു അമ്മയുടെ കഥയാണിതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.

കാജോൾ മകള്‍ക്കൊപ്പം ഇടതൂർന്ന കാട്ടിലൂടെ കാറില്‍ പോകുന്ന ദൃശ്യത്തിലാണ് ട്രെയിലർ ആരംഭിക്കുന്നത്. മകൾക്ക് ആർത്തവ വേദനയുണ്ടെന്ന് പരാതിപ്പെടുന്നു, കുറച്ചു കഴിഞ്ഞാൽ അത് നില്‍ക്കുമെന്ന് കാജോൾ പറയുന്നു. എന്നാല്‍ കാറിനെ ഒരു അജ്ഞാത ശക്തി ആക്രമിക്കുന്നു. പിന്നാലെ ചന്ദൻപൂരിൽ എത്തുന്ന അവര്‍ എന്നാല്‍ ആ നാടിനെ വേട്ടയാടുന്ന ശാപത്തിന്‍റെ ഭാഗമാകുന്നു. 

അജയ് ദേവഗണ്‍ ജ്യോതിക എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ സൈയ്ത്താന്‍ എന്ന ചിത്രത്തിന്‍റെ യൂണിവേഴ്സില്‍ വരുന്നതാണ് ഈ ചിത്രവും എന്ന സൂചന ട്രെയിലറില്‍ നല്‍കുന്നുണ്ട്. കാജോളിന്‍റെ ഭര്‍ത്താവ് കൂടിയായ അജയ് ദേവഗണ്‍ ചിത്രത്തിന്‍റെ സഹനിര്‍മ്മാതാവാണ്. ജ്യോതി ശാന്ത ദേശ്പാണ്ഡെയാണ് ചിത്രത്തിന്‍റെ മറ്റൊരു നിര്‍മ്മാതാവ്. 

YouTube video player

ഇന്ദ്രനീൽ സെൻഗുപ്ത, ജിതിൻ ഗുലാത്തി, ഖേരിൻ ശർമ്മ എന്നിവരും മാ സിനിമയില്‍ അഭിനയിക്കുന്നു. സൈവിൻ ക്വാഡ്രാസ് തിരക്കഥയെഴുതിയ ചിത്രത്തിന്‍റെ എഡിറ്റര്‍ സന്ദീപ് ഫ്രാൻസിസാണ്. ഹർഷ് ഉപാധ്യായ, റോക്കി ഖന്ന, ശിവ് മൽഹോത്ര എന്നിവരാണ് ചിത്രത്തിന്‍റെ സംഗീതസംവിധായകർ. ജൂണ്‍ 27ന് ചിത്രം റിലീസ് ചെയ്യും.