വിക്രം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്‍ എസ് വിമല്‍ ചിത്രം 'കര്‍ണന്‍റെ' മേക്കിംഗ് ടീസര്‍ പുറത്തെത്തി. 'കര്‍ണന്‍റെ' മേക്കോവറില്‍ വിക്രം ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 19 സെക്കന്‍റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ വിക്രത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് സംവിധായകന്‍ പുറത്തുവിട്ടിരിക്കുന്നത്. വിക്രത്തിന്‍റെ പിറന്നാളാണ് ഇന്ന്.

എന്ന് നിന്‍റെ മൊയ്‍തീന്‍ എന്ന വിജയ ചിത്രത്തിനു ശേഷം വിമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കര്‍ണ്ണന്‍. ആദ്യം പൃഥ്വിരാജിനെ നായകനാക്കി മലയാളത്തില്‍ ആലോചിച്ച ചിത്രം പിന്നീട് വിക്രം നായകനാവുന്ന ബഹുഭാഷാ ബിഗ് ബജറ്റ് ചിത്രമായി മാറുകയായിരുന്നു. സൂര്യപുത്ര മഹാവീര്‍ കര്‍ണ എന്നാണ് പുറത്തെത്തിയ വീഡിയോയില്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ കാണുന്നത്. ആര്‍ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര, മണി രത്നത്തിന്‍റെ പൊന്നിയിന്‍ സെല്‍വന്‍ എന്നിവയാണ് വിക്രത്തിന് പൂര്‍ത്തിയാക്കാനുള്ള മറ്റു ചിത്രങ്ങള്‍. ഗൌതം മേനോന്‍റെ ധ്രുവ നച്ചത്തിരം പോസ്റ്റ് പ്രൊഡക്ഷനിലുമാണ്.