മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. 40 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസറില്‍ 'മരക്കാരാ'യി പ്രത്യക്ഷപ്പെടുന്ന മോഹന്‍ലാലും അദ്ദേഹത്തിന്റെ ഒരു സംഭാഷണശകലവും ഉണ്ട്.

പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം എസ് തിരുനാവുക്കരശ് ആണ്. എഡിറ്റിംഗ് എം എസ് അയ്യപ്പന്‍ നായര്‍. സംഗീതം റോണി റാഫേല്‍. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് പ്രഭാ വര്‍മ്മ, ഹരിനാരായണന്‍, ഷാഫി കൊല്ലം എന്നിവര്‍. ആക്ഷന്‍ കൊറിയോഗ്രഫി ത്യാഗരാജന്‍, കസു നെഡ, സംഗത് മംഗ്പുത് എന്നിവര്‍. 

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 26ന് ആണ്. ലോകമെമ്പാടുമുള്ള 5000 തീയേറ്ററുകളില്‍ ചിത്രം റിലീസിനെത്തിക്കുമെന്നാണ് ആശിര്‍വാദ് സിനിമാസ് അവകാശപ്പെടുന്നത്.