തമിഴ് സിനിമാപ്രേമികള്‍ ഏറെക്കാലമായി കാത്തിരിക്കുന്ന 'മാസ്റ്ററി'ന്‍റെ ടീസര്‍ പുറത്തെത്തി. പല കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ വിജയ്‍യുടെ നായകനെ അവതരിപ്പിക്കുന്നതാണ് ടീസറിന്‍റെ ആദ്യഭാഗമെങ്കില്‍ അവസാനഭാഗത്ത് വിജയ് സേതുപതിയും പ്രാധാന്യത്തോടെ കടന്നുവരുന്നു. വിജയ്‍യും വിജയ് സേതുപതിയും ആദ്യമായൊന്നിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്തേ പ്രേക്ഷകശ്രദ്ധയിലുള്ള സിനിമയാണിത്. 

'കൈതി'യുടെ വന്‍ വിജയത്തിനു ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും കാത്തിരിപ്പേറ്റുന്ന ചിത്രമാണിത്. ആക്ഷന് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. കോളിവുഡ് ഈ വര്‍ഷം ഏറ്റവും പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സിനിമകളില്‍ ഒന്നായിരുന്ന ചിത്രം ഏപ്രില്‍ ഒന്‍പതിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ ജെറമിയ, ബ്രിഗദ, ഗൗരി കിഷന്‍, അര്‍ജുന്‍ ദാസ് തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍.