ബിബിസിക്കു വേണ്ടി മിനിസിരീസുമായി പ്രമുഖ ഇന്ത്യന്‍-അമേരിക്കന്‍ ചലച്ചിത്രകാരി മീര നായര്‍. വിക്രം സേഥിന്‍റെ പ്രശസ്‍ത നോവല്‍ 'എ സ്യൂട്ടബിള്‍ ബോയ്' അതേ പേരിലാണ് മീര നായര്‍ മിനി സിരീസ് ആക്കിയിരിക്കുന്നത്. ബിബിസിയുടെ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ ബിബിസി ഐ പ്ലെയറില്‍ ഈ മാസം 26നാണ് റിലീസ്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയാണ് വിക്രം സേത്തിന്‍റെ നോവലിന്‍റെ പശ്ചാത്തലം. നാല് കുടുംബങ്ങളിലൂടെയാണ് അദ്ദേഹം കഥ പറഞ്ഞിട്ടുള്ളത്. മിസിസ് രൂപ മെഹ്‍റ എന്ന കഥാപാത്രം തന്‍റെ മകള്‍ ലതയ്ക്കായി 'ഒരു പറ്റിയ പയ്യനെ' തിരഞ്ഞുകൊണ്ടിരിക്കുകയാണ്. ലതയുടെ വിവാഹമാണ് നോവലിലെ പ്രധാന ഭാഗം. മൂല്യബോധങ്ങള്‍ തമ്മിലും തലമുറകള്‍ തമ്മിലുമുള്ള ഉരസലും കുടുംബത്തിനുള്ളിലെ അടിച്ചമര്‍ത്തല്‍, മതപരമായ മുന്‍വിധി തുടങ്ങി നിരവധി വിഷയങ്ങള്‍ സേഥിന്‍റെ നോവല്‍ പരാമര്‍ശിച്ചുപോകുന്നുണ്ട്. 

ഇഷാന്‍ ഘട്ടര്‍, തബു, തന്യ മണിക്‍തല, രസിക ദുഗാല്‍, രാം കപൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 14 വര്‍ഷങ്ങള്‍ക്കു ശേഷമാണ് തബു ഒരു മീര നായര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. 2006ല്‍ പുറത്തെത്തിയ ദി നെയിംസേക് എന്ന ചിത്രത്തിലാണ് ഇരുവരും ഇതിനുമുന്‍പ് ഒരുമിച്ചത്. അന്തരിച്ച നടന്‍ ഇര്‍ഫാന്‍ ഖാനും ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.