മറുഭാഷകളില്‍ ഇന്ന് ഏറ്റവും തിരക്കുള്ള മലയാളി നായിക കീര്‍ത്തി സുരേഷ് ആണ്. തീയേറ്ററുകള്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് കീര്‍ത്തി സുരേഷ് നായികയായ ഒരു തമിഴ് ചിത്രം ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയിരുന്നു. 'പെന്‍ഗ്വിന്‍' എന്ന തമിഴ് ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഇപ്പോഴിതാ മറ്റൊരു ഡയറക്ട് ഒടിടി റിലീസും കീര്‍ത്തിയുടേതായി പ്രേക്ഷകരിലേക്ക് എത്തുകയാണ്. കീര്‍ത്തി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം 'മിസ് ഇന്ത്യ' നെറ്റ്ഫ്ളിക്സിലൂടെയാണ് റിലീസ് ചെയ്യപ്പെടുന്നത്. നവംബര്‍ നാലിനാണ് ചിത്രം എത്തുക. അതിനു മുന്നോടിയായി സിനിമയുടെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

സംരംഭക എന്ന നിലയില്‍ ജീവിതവിജയം നേടാന്‍ ശ്രമിക്കുന്ന ആളാണ് കീര്‍ത്തി സുരേഷ് അവതരിപ്പിക്കുന്ന നായിക. സംയുക്ത എന്നാണ് കഥാപാത്രത്തിന്‍റെ പേര്. ഇന്ത്യന്‍ തെയിലയുടെ രുചി വിദേശികള്‍ക്ക് പരിചയപ്പെടുത്തുന്ന ഒരു സംരംഭമാണ് അവര്‍ തുടങ്ങുന്നത്. തിരഞ്ഞെടുക്കുന്ന വഴിയില്‍ അവര്‍ നേരിടുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്‍റെ പ്രമേയമെന്ന് ട്രെയ്ലര്‍ പറയുന്നു. രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നദിയ മൊയ്തു, നവീന്‍ ചന്ദ്ര, കമല്‍ കാമരാജു തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.