പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ഇറോസ് നൗ വെബ് സിരീസിന്‍റെ രണ്ടാം സീസണ്‍ വരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ എത്തിയ സീസണിന്‍റെ പേര് 'മോദി: ജേണി ഓഫ് എ കോമണ്‍ മാന്‍' എന്നായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലേക്ക് എത്തുംവരെയുള്ള അദ്ദേഹത്തിന്‍റെ ജീവിതഘട്ടമായിരുന്നു ആദ്യ സീസണില്‍. എന്നാല്‍ ഗുജറാത്ത് മുഖ്യമന്ത്രിപദം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള കാലഘട്ടമാണ് പുറത്തുവരാനിരിക്കുന്ന രണ്ടാം സീസണ്‍. 'മോഡി സീസണ്‍ 2: സിഎം റ്റു പിഎം' എന്നാണ് പുതിയ സീസണിന് പേരിട്ടിരിക്കുന്നത്. രണ്ടാം സീസണിന്‍റെ ട്രെയ്‍ലറും ഇറോസ് നൗ പുറത്തുവിട്ടിട്ടുണ്ട്.

ഉമേഷ് ശുക്ലയും ആഷിഷ് വാഗും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന സിരീസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തില്‍ എത്തുന്നത് മഹേഷ് ഠാക്കൂര്‍ ആണ്. ആഷിഷ് ശര്‍മ്മ, ഫൈസല്‍ ഖാന്‍, ദര്‍ശന്‍ ജാറിവാല, പ്രാചി ഷാ പാണ്ഡ്യ, മകരന്ദ് ദേശ്‍പാണ്ഡെ, അനംഗ് ദേശായി തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നവംബര്‍ 12 ന് പുതിയ സീസണ്‍ സ്ട്രീം ചെയ്യും. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഗുജറാത്തി ഭാഷകളിലാണ് സിരീസ് എത്തുക.