വിഷ്‍ണു വിശാലിന്‍റെ കരിയറിലെ ഏറ്റവും മികച്ച വിജയമായിരുന്നു സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം രാക്ഷസന്‍. കേരളമുള്‍പ്പെടെയുള്ള സെന്‍ററുകളിലും മികച്ച പ്രേക്ഷകപ്രീതി നേടിയെടുത്തിരുന്നു ചിത്രം. ആക്ഷന്‍ കോമഡി വിഭാഗത്തില്‍ പെടുന്ന സിലുക്കുവരുപട്ടി സിങ്കം എന്നൊരു ചിത്രം കൂടി വിഷ്ണുവിന്‍റേതായി പിന്നാലെ തീയേറ്ററുകളിലെത്തിയിരുന്നു. മൂന്ന് ചിത്രങ്ങള്‍ കൂടി അദ്ദേഹത്തിന്‍റേതായി ചിത്രീകരണത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ ഉണ്ട്. ഇപ്പോഴിതാ ഒരു പുതിയ ചിത്രം കൂടി അനൌണ്‍‌സ് ചെയ്‍തിരിക്കുകയാണ് വിഷ്ണു വിശാല്‍.

മോഹന്‍ദാസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ടൈറ്റില്‍ അനൌണ്‍സ്‍മെന്‍റ് ടീസറും പുറത്തെത്തിയിട്ടുണ്ട്. 'ഒരു യഥാര്‍ഥ കഥ ആയിരിക്കാം' എന്ന വിശേഷണത്തോടെ എത്തിയ ടീസറില്‍ ചിത്രമൊരു ത്രില്ലര്‍ ആണെന്ന സൂചനയാണുള്ളത്. നിഗൂഢത ഉണര്‍ത്തിയാണ് വിഷ്‍ണു അവതരിപ്പിക്കുന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. മുരളി കാര്‍ത്തിക് ആണ് രചനയും സംവിധാനവും. വിവി സ്റ്റുഡിയോസിന്‍റെ ബാനറില്‍ വിഷ്‍ണു വിശാല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.