കൊച്ചി: ബിജു മേനോന്‍- നിമിഷ സജയന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന നാല്‍പത്തിയൊന്നിന്‍റെ ട്രെയ്‌ലര്‍ പുറത്ത്. നവംബര്‍ എട്ടിന് ചിത്രം റിലീസ് ചെയ്യും. ലാല്‍ ജോസിന്റെ 25-ാംമത്തെ ചിത്രമാണ് നാല്‍പത്തിയൊന്ന്. 

കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ ദൃശ്യാവിഷ്‌കാരമാണ് ചിത്രം. ഇരുമുടിക്കെട്ടും ചെങ്കൊടിയും ഒന്നിച്ചുള്ള ചിത്രത്തിന്റെ പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. 

ശരണം വിളിയോടെയാണ് ട്രെയിലര്‍ തുടങ്ങുന്നത്. ഹാസ്യത്തോടൊപ്പം ആകാംഷയുള്ള കഥാമുഹൂര്‍ത്തങ്ങളും ഉണ്ടെന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, ശരണ്‍ ജിത്തു, ധന്യ അനന്യ, സുബീഷ് സുധി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

സിഗ്നേച്ചര്‍ സ്റ്റുഡിയോയിസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണന്‍, ജി പ്രജിത്ത് എന്നിവര്‍ നിര്‍മ്മിക്കുന്ന ചിത്രം എല്‍.ജെ ഫിലിംസ് ആണ് പ്രദര്‍ശത്തിനെത്തിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് കുമാറാണ്. ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് നവാഗതനായ പി ജി പ്രഗീഷ് തിരക്കഥയും സംഭാഷണവുമെഴുതുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം പകരുന്നത്.