ബോളിവുഡ് നടൻ നവാസുദ്ദിൻ സിദ്ധിഖി പ്രധാന വേഷത്തിലെത്തുന്ന ‘ഫോട്ടോഗ്രാഫ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സന്യ മല്‍ഹോത്രയാണ് നായികയായെത്തുന്നത്. വിവാഹം പോലും കഴിക്കാതെ ഫോട്ടോഗ്രാഫറായി ജോലി ചെയ്യുന്ന റാഫി എന്ന കഥാപാത്രത്തെയാണ് നവാസുദ്ദിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

മുബൈ ഗെയിറ്റ് വേ ഓഫ് ഇന്ത്യ സന്ദർശിക്കുന്നവരുടെ ഫോട്ടോ എടുക്കുന്നതാണ് റാഫിയുടെ ജോലി. പതിവായി ആ വഴി യാത്ര ചെയ്യുന്ന യുവതിയുമായി റാഫിക്കുണ്ടാകുന്ന പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ റാഫിയുടെ കാമുകിയെയാണ് സന്യ അവതരിപ്പിക്കുന്നത്. അപരിചിതരായ ഇരുവരും പ്രണയത്തിലാകുന്നതും തുടർന്നുണ്ടാകുന്ന രസകരമായ സംഭവവങ്ങളുമാണ് ചിത്രം പറയുന്നത്.  

ഫാറൂക്ക് ജാഫർ, ഗീതാഞ്ജലി കുൽക്കർണി, വിജയ് റാസ്, ജിം സർബ്, ആകാശ് സിൻഹ, സഹർഷ് കുമാർ ശുക്ല തുടങ്ങിയവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമസോൺ സ്റ്റുഡിയോസാണ് നിര്‍മ്മാണം. 'ദി ലഞ്ച് ബോക്സ്', 'സെൻസ് ഓഫ് എൻ എൻഡിംഗ്' എന്നീ ചിത്രങ്ങൾക്ക് ശേഷം റിതേഷ് ബത്ര സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫോട്ടോഗ്രാഫ്. 

ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ 'ബെർലിൻ സ്പെഷ്യൽ ഫിലിം' വിഭാഗത്തിലേക്ക് തെരഞ്ഞെടുത്ത ചിത്രമാണ് ഫോട്ടോഗ്രാഫ്.  സൺഡാന്‍സ് ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തെരഞ്ഞെടുത്തിരുന്നു. മാർച്ച് 15ന് ചിത്രം തിയേറ്ററുകളിലെത്തും.