നൗ യു സീ മി എന്ന മാജിക് ഹീസ്റ്റ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പുതിയ താരങ്ങളും പഴയ താരങ്ങളും ഒന്നിക്കുന്ന ഈ ചിത്രം വമ്പൻ കൊള്ളയുടെ സൂചന നൽകുന്നു.

ഹോളിവുഡ്: ഒരു കൂട്ടം മാന്ത്രികരുടെ കഥ പറഞ്ഞ സിനിമയാണ് നൗ യു സീ മി (2013). ചിത്രത്തിന്‍റെ രണ്ടാം ഭാഗവും വന്നിട്ടുണ്ട്. ജെസ്സി ഐസൻബർഗ്, വുഡി ഹാരെൽസൺ, ഡേവ് ഫ്രാങ്കോ, ഇസ്ല ഫിഷർ, മാർക്ക് റഫലോ എന്നിവർ അഭിനയിച്ച മാജിക് പ്രമേയമുള്ള ഈ ഹീസ്റ്റ് ചലച്ചിത്ര പരമ്പര ആഗോളതലത്തില്‍ വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. 

ഇപ്പോഴിതാ ചിത്രത്തിന്‍റെ മൂന്നാം ഭാഗം ഒരുങ്ങുന്നു. പ്രധാന താരങ്ങളിലെ കൂടാതെ ചില പുതുമുഖങ്ങളും ചിത്രത്തിലുണ്ട്. അരിയാന ഗ്രീൻബ്ലാറ്റ്, ഡൊമിനിക് സെസ്സ, റോസാമണ്ട് പൈക്ക്, ജസ്റ്റിസ് സ്മിത്ത് എന്നിവരാണ് പുതിയ കാസ്റ്റിംഗ്. നൗ യു സീ മി: നൗ യു ഡോണ്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 

മാർക്ക് റഫലോയുടെ ക്യാരക്ടര്‍ ഇല്ലാതെയാണ് ട്രെയിലര്‍ വന്നിരിക്കുന്നത്. എന്നാല്‍ മോര്‍ഗന്‍ ഫ്രീമാന്‍റെ കഥാപാത്രം ചിത്രത്തിലുണ്ട്. 2016 ൽ പുറത്തിറങ്ങിയ നൗ യു സീ മി 2 മുതൽ ആരാധകർ ഒരു തുടർഭാഗത്തിനായി കാത്തിരിക്കുകയാണ്. ഫ്രാഞ്ചൈസിയിലെ ഏറ്റവും വലിയ കൊള്ളയ്ക്കായി പുതിയതും പഴയതുമായ എല്ലാ മാന്ത്രികന്മാരും ഒത്തുചേരുമെന്നാണ് മൂന്നാം ഭാഗത്തിന്‍റെ ട്രെയിലര്‍ നല്‍കുന്ന സൂചന. 

വെനം അടക്കം സിനിമകള്‍ സംവിധാനം ചെയ്ത റൂബൻ ഫ്ലെഷർ ആണ് നൗ യു സീ മീ 3 സംവിധാനം ചെയ്യുന്നത്. ജെസ്സി ഐസൻബർഗ് വുഡി ഹാരെൽസൺ എന്നിവര്‍ സോംബി ലാന്‍റ് എന്ന ചിത്രത്തിന് ശേഷം റൂബൻ ഫ്ലെഷറുമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് നൗ യു സീ മീ 3. 

വെറൈറ്റി പ്രകാരം, ഈ മാസം ആദ്യം സിനിമാകോണിൽ 'നൗ യു സീ മി നൗ യു ഡോണ്ട്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയപ്പോൾ നിര്‍മ്മതാക്കളായ ലയൺസ്ഗേറ്റിന്റെ മോഷൻ പിക്ചർ ഗ്രൂപ്പ് ചെയർമാന്‍ ആദം ഫോഗൽസൺ ഈ ഫ്രാഞ്ചെസിയില്‍ നാലാമത്തെ ചിത്രം കൂടി പുറത്തിറക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. 

YouTube video player

"സംവിധായകന്‍റെ രണ്ടാം ഭാഗത്തിന്‍റെ ഫൈനല്‍ കട്ടില്‍ ഞങ്ങൾ വളരെ സന്തുഷ്ടരാണ്, അടുത്ത അധ്യായം ഞങ്ങൾ ഇതിനകം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മൂന്നാമത്തെ സിനിമ എത്തുന്നതുവരെ ഈ പ്രഖ്യാപനം നടത്താന്‍ കാത്തിരിക്കുന്നില്ല " ആദം ഫോഗൽസൺ പറഞ്ഞു.