ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിക്കുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് ജിതിന്‍ രാജ്

അര്‍ജുന്‍ അശോകന്‍, ബാലു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ രാജ് കഥയെഴുതി സംവിധാനം ചെയ്‍ത ചിത്രമാണ് പല്ലൊട്ടി നയന്‍റീസ് കിഡ്‍സ്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. വിവിധ മേഖലകളിലായി നാല്‍പ്പതില്‍ അധികം നവാഗതര്‍ ഒന്നിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സിനിമാ പ്രാന്തന്‍ ഫിലിം പ്രൊഡക്ഷന്‍റെ ബാനറില്‍ സംവിധായകന്‍ സാജിദ് യഹിയയാണ്. 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച കുട്ടികളുടെ ചിത്രം, മികച്ച ഗായകന്‍, മികച്ച ബാല താരം എന്നീ പുരസ്കാരങ്ങളും നേടിയ ചിത്രമാണിത്. 

തൊണ്ണൂറുകളില്‍ ബാല്യം ആഘോഷിച്ചവരുടെ സൌഹൃദത്തിന്‍റെയും ഗൃഹാതുരതയുടെയും കഥ പറയുന്ന ചിത്രമാണിത്. മാസ്റ്റര്‍ ഡാവിഞ്ചി, മാസ്റ്റര്‍ നീരജ് കൃഷ്ണ, മാസ്റ്റര്‍ അദിഷ് പ്രവീണ്‍, നിരുപമ രാജീവ്, അനുലക്ഷ്മി, സൈജു കുറുപ്പ്, സുധി കോപ്പ, ദിനേഷ് പണിക്കര്‍, നിരഞ്ജന അനൂപ്, അജിഷ, അനു പ്രഭ, തങ്ക സുബ്രഹ്‍മണ്യം, തങ്കം, ഉമ, ജിയോ എം 4 ടെക്ക്, ഫൈസല്‍ അലി, അബു വളയംകുളം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളില്‍ പെട്ടിക്കടകളില്‍ സുലഭമായിരുന്ന ഒരുതരം മിഠായിയുടെ പേരാണ് സിനിമയ്ക്ക്. ജിതിന്‍ രാജ് തന്നെ സംവിധാനം ചെയ്‍ത ഇതേ പേരിലുള്ള ഹ്രസ്വചിത്രത്തിന്‍റെ സിനിമാരൂപമാണ് പല്ലൊട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.

ദീപക് വാസന്‍റേതാണ് ചിത്രത്തിന്‍റെ തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം ഷാരോണ്‍ ശ്രീനിവാസ്, എഡിറ്റിംഗ് രോഹിത്ത് വി എസ് വാര്യത്ത്, സംഗീതം, പശ്ചാത്തല സംഗീതം മണികണ്ഠന്‍ അയ്യപ്പ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ജേക്കബ് ജോര്‍ജ്, പ്രൊഡക്ഷന്‍ ഡിസൈന്‍ ബംഗ്ലാന്‍, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, പ്രോജക്റ്റ് ഡിസൈനര്‍ ബാദുഷ എന്‍ എം, വരികള്‍ സുഹൈല്‍ എം കോയ, സൌണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, കെ സി സിദ്ധാര്‍ഥന്‍, സൌണ്ട് മിക്സ് വിഷ്ണു സുജാതന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിജിത്ത്, മേക്കപ്പ് നരസിംഹ സ്വാമി, സ്റ്റില്‍സ് നിദാദ് കെ എന്‍.

ALSO READ : ത്രില്ലടിപ്പിക്കാന്‍ 'ഒരു അന്വേഷണത്തിന്‍റെ തുടക്കം'; ടീസര്‍ എത്തി

Pallotty 90s Kids - Official Trailer | Arjun Ashokan, Balu Varghese | Jithin Raj |Sajid Yahiya | LJP