പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനാവുന്നു. നിലവില്‍ ചിത്രീകരണം പുരോഗമിക്കുന്ന 'മേപ്പടിയാന്‍' എന്ന സിനിമയ്ക്കു ശേഷം വീണ്ടും ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്‍ണു മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന്‍റെ മോഷന്‍ ടീസര്‍ റിലീസ് ചെയ്തത്.

'പയസ് പരുത്തിക്കാടന്‍' എന്ന യുവ രാഷ്ട്രീയ നേതാവാണ് ഉണ്ണി മുകുന്ദന്‍റെ നായകന്‍. 'പയസ് പരുത്തിക്കാടന്‍റെ' ചുരുക്കെഴുത്ത് പേരാണ് 'പപ്പ'. നവരാത്രി യുണൈറ്റഡ് വിഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. തൊടുപുഴ, ഇടുക്കി, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ചിത്രീകരണം. സംവിധായകന്‍റേതു തന്നെയാണ് രചന. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. മോഷന്‍ ടീസറിന്‍റെ പശ്ചാത്തല സംഗീതത്തിന് റാപ്പ് ഒരുക്കിയത് ഫെജോ ആണ്.