ആമസോണ്‍ പ്രൈമിന്‍റെ പുതിയ സിരീസ് 'റാസ്‍ഭരി'യുടെ ട്രെയ്‍ലര്‍ പുറത്തെത്തി. കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിരീസില്‍ സ്വര ഭാസ്‍കര്‍ ആണ് ഒരു പ്രധാന വേഷത്തില്‍ എത്തുന്നത്. പുതുതായി എത്തുന്ന അധ്യാപികയോട് ഒരു വിദ്യാര്‍ഥിക്ക് തോന്നുന്ന അടുപ്പമാണ് സിരീസിന്‍റെ പ്രമേയം. ആമസോണ്‍ പ്രൈമില്‍ ഇതിനകം തന്നെ എത്തിക്കഴിഞ്ഞ സിരീസിനു പക്ഷേ പ്രേക്ഷകപ്രീതി ലഭിച്ചിരുന്നില്ല. പിന്നാലെയാണ് ഇപ്പോള്‍ പുതിയ ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുന്നത്.

നിഖില്‍ നാഗേഷ് ഭട്ട് സംവിധാനം ചെയ്‍തിരിക്കുന്ന സിരീസിന്‍റെ ക്രിയേറ്റേഴ്‍സ് തന്‍വീര്‍ ബുക്‍വാല, ശന്തനു ശ്രീവാസ്‍തവ എന്നിവര്‍ ചേര്‍ന്നാണ്. ആയുഷ്‍മാന്‍ സക്സേന, റാഷ്‍മി അഗ്‍ഡേക്കര്‍, ചിത്തരഞ്ജന്‍ ത്രിപാഠി, നീലു കോലി, പ്രധുമന്‍ സിംഗ് മാള്‍ തുടങ്ങിയവരും വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആമസോണ്‍ ഈ വര്‍ഷം അവതരിപ്പിച്ച ഹിന്ദി സിരീസുകളില്‍ ഏഴാമത്തേതാണ് റാസ്‍ഭരി. അനുഷ്‍ക ശര്‍മ്മയുടെ നിര്‍മ്മാണത്തിലെത്തിയ പാതാള്‍ ലോക് ആണ് ഇതിനുമുന്‍പെത്തിയ ആമസോണിന്‍റെ ഇന്ത്യന്‍ സിരീസ്.