കേരളത്തിലെ കോളെജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവാണ് ജി വി പ്രകാശ് കുമാറിന്‍റെ കഥാപാത്രം

തമിഴ്നാട് പ്രധാന കഥാപശ്ചാത്തലമാക്കുന്ന ഒരു മലയാള ചിത്രം തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിദംബരത്തിന്‍റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്സ് ആണ് ആ ചിത്രം. ഇപ്പോഴിതാ കേരളം പശ്ചാത്തലമാക്കുന്ന ഒരു തമിഴ് ചിത്രവും തിയറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ജി വി പ്രകാശ് കുമാറിനെ നായകനാക്കി നവാഗതനായ നികേഷ് ആര്‍ എസ് സംവിധാനം ചെയ്യുന്ന റിബല്‍ എന്ന ചിത്രമാണിത്. പ്രേമലുവിലൂടെ തെന്നിന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മമിത ബൈജുവാണ് ചിത്രത്തിലെ നായിക. മമിതയുടെ തമിഴ് അരങ്ങേറ്റമെന്ന പ്രത്യേകതയുമുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 

കേരളത്തിലെ കോളെജില്‍ പഠിക്കാനെത്തുന്ന തമിഴ് യുവാവാണ് ജി വി പ്രകാശ് കുമാറിന്‍റെ കഥാപാത്രം. റൊമാന്റിക് ട്രാക്ക് ഉണ്ടെന്ന് ട്രെയ്‍ലര്‍ തോന്നിപ്പിക്കുന്നുണ്ടെങ്കിലും ഗൗരവമുള്ള വിഷയവും സംസാരിക്കുന്ന ചിത്രമാണിത്. കേരളത്തിലെ ഒരു കോളെജില്‍ തമിഴ് യുവാക്കള്‍ നേരിടുന്ന അപരത്വമാണ് ചിത്രത്തിന്‍റെ പ്രമേയമെന്നാണ് സൂചന. ക്യാമ്പസ് രാഷ്ട്രീയത്തിന്‍റെ പശ്ചാത്തലവും ചിത്രത്തിനുണ്ട്. ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കുന്ന സിനിമയെന്നാണ് ജി വി പ്രകാശ് കുമാര്‍ പറഞ്ഞിരിക്കുന്നത്. 1980 കളാണ് സിനിമയുടെ പശ്ചാത്തലമെന്ന് അറിയുന്നു. 

വെങ്കിടേഷ് വി പി, ഷാലു റഹിം, കരുണാസ്, ആദിത്യ ഭാസ്കര്‍, കല്ലൂരി വിനോദ്, സുബ്രഹ്മണ്യ ശിവ, രാജേഷ് ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജി വി പ്രകാശ് കുമാര്‍ തന്നെയാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഛായാഗ്രഹണം അരുണ്‍കൃഷ്ണ രാധാകൃഷ്ണന്‍, എഡിറ്റിംഗ് ലിയോ ജോണ്‍ പോള്‍, എഡിറ്റിംഗ് വെട്രി കൃഷ്ണന്‍, ആക്ഷന്‍ ശക്തി ശരവണന്‍, കലാസംവിധാനം പപ്പനാട് സി, ഉദയകുമാര്‍. മാര്‍ച്ച് 22 ന് ചിത്രം തിയറ്ററുകളില്‍ എത്തും.

ALSO READ : ഇനി 'രംഗണ്ണ'യുടെ വരവ്; തിയറ്റര്‍ ഇറക്കിമറിക്കുമോ ഫഹദ്? 'ആവേശം' റിലീസ് തീയതി പ്രഖ്യാപിച്ചു

Rebel - Official Trailer | GV Prakash Kumar | Mamitha Baiju | Nikesh RS | KE Gnanavelraja