സംവിധാനം രാജേഷ് മപുസ്‍കാര്‍

അജയ് ദേവ്‍ഗണ്‍ (Ajay Devgn) ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ വെബ് സിരീസ് 'രുദ്ര: ദി എഡ്‍ജ് ഓഫ് ഡാര്‍ക്നെസി'ന്‍റെ (Rudra: The edge of darkness) ട്രെയ്‍ലര്‍ പുറത്തെത്തി. ബിബിസിയുടെ ഹിറ്റ് സിരീസ് ആയിരുന്ന 'ലൂഥറി'ന്‍റെ ഒഫിഷ്യല്‍ ഹിന്ദി റീമേക്ക് ആണ് രുദ്ര. ബ്രിട്ടീഷ് ഒറിജിനലിലെ ഡിസിഐ ജോണ്‍ ലൂഥര്‍ എന്ന പൊലീസ് കഥാപാത്രത്തെ അവതരിപ്പിച്ചത് ഇദ്രിസ് എല്‍ബ ആയിരുന്നു. ഒരു അഭിനേതാവ് എന്ന നിലയില്‍ അജയ് ദേവ്‍ഗണിന്‍റെ ഡിജിറ്റല്‍ ഡെബ്യൂ ആണിത്.

ഫെറാരി കി സവാരി, വെന്‍റിലേറ്റര്‍ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകന്‍ രാജേഷ് മപുസ്‍കാര്‍ ആണ് സിരീസിന്‍റെ സംവിധായകന്‍. 'സിംഗം' ഫ്രാഞ്ചൈസിയിലും 'ഗംഗാജലി'ലും കണ്ട അജയ് ദേവ്‍ഗണിന്‍റെ പൊലീസ് കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്‍തമായ ഒന്നായിരിക്കും 'രുദ്ര' എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. മികച്ച പ്രൊഡക്ഷന്‍ നിലവാരത്തിലാണ് സിരീസ് ഒരുക്കപ്പെട്ടിരിക്കുന്നത്. ബിബിസി സ്റ്റുഡിയോസ് ഇന്ത്യയും അപ്ലോസ് എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റും ചേര്‍ന്നാണ് നിര്‍മ്മാണം. റാഷി ഖന്ന, ഇഷ ഡിയോള്‍, അതുല്‍ കുല്‍ക്കര്‍ണി, അശ്വിനി കല്‍സേക്കര്‍, ആഷിഷ് വിദ്യാര്‍ഥി, മിലിന്ദ് ഗുണജി, ലൂക്ക് കെന്നി, വിക്രം സിംഗ് ചൗഹാന്‍, ഹേമന്ദ് ഖേര്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.