കീര്‍ത്തി സുരേഷും മിഷ്കിനും അഭിഭാഷകരായി എത്തുന്ന പുതിയ കോര്‍ട്ട് റൂം ഡ്രാമയാണ് 'സത്യവാന്‍ സാവിത്രി'.

കീര്‍ത്തി സുരേഷ്, മിഷ്കിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാ​ഗതനായ പ്രവീണ്‍ എസ് വിജയ് രചനയും സംവിധാനവും നിര്‍വ്വഹിച്ച സത്യവാന്‍ സാവിത്രി എന്ന തമിഴ് ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. കോടതി മുറിയും കേസ് വിസ്താരവുമൊക്കെ മുഖ്യ പശ്ചാത്തലമാവുന്ന ചിത്രത്തില്‍ കീര്‍ത്തി സുരേഷിന്‍റെയും മിഷ്കിന്‍റെയും കഥാപാത്രങ്ങള്‍ അഭിഭാഷകരാണ്. മിഷ്കിന്‍ പേരു കേട്ട അഭിഭാഷകനും കീര്‍ത്തി സുരേഷ് ഈ മേഖലയില്‍ പേരെടുക്കണമെന്ന് ആ​ഗ്രഹിക്കുന്ന ഒരു നവാ​ഗതയുമാണ്. ചിത്രത്തിന്‍റെ മീഡ് സെറ്റ് ചെയ്യുന്ന തരത്തിലുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. കോടതി മുറികള്‍ പശ്ചാത്തലമാവുന്ന ചിത്രങ്ങള്‍ പലതും സാധാരണ ​ഗൗരവസ്വഭാവത്തിലുള്ളവ ആയിരിക്കാമെങ്കില്‍ ഇവിടെ ചില്ലറ നര്‍മ്മത്തിനും സ്കോപ്പ് ഉണ്ടെന്ന് ടീസര്‍ സൂചന നല്‍കുന്നു.

കീര്‍ത്തി സുരേഷ്- മിഷ്കിന്‍ സ്ക്രീന്‍ കോമ്പോയുടെ പുതുമയും ചിത്രം നല്‍കുന്നുണ്ട്. ഇരുവരും ആദ്യമായാണ് ഒരുമിച്ച് അഭിനയിക്കുന്നത്. പ്രേക്ഷകശ്രദ്ധ നേടിയ ഡൊറോത്തിക്ക് ശേഷം എത്തുന്ന കീര്‍ത്തി സുരേഷ് ചിത്രമാണ് ഇത്. വിധി അടക്കമുള്ള കോര്‍ട്ട് റൂം ഡ്രാമകളോടാണ് സംവിധായകന്‍ പ്രവീണ്‍ ഈ ചിത്രത്തെ താരതമ്യം ചെയ്തിരിക്കുന്നത്. നീതി, അതിനായുള്ള യുദ്ധം, അതില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ നേരിടുന്ന പ്രതിസന്ധികള്‍ ഒക്കെ ചിത്രത്തില്‍ കടന്നുവരും കീര്‍ത്തി സുരേഷിന്‍റെ പ്രകടനത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്. മഹാനടി എന്ന ചിത്രത്തിന് ശേഷം കീര്‍ത്തി അഭിനയത്തില്‍ ഏറെ മുന്നോട്ടുപോയെന്നാണ് അദ്ദേഹം പറയുന്നത്.

ചാരുകേഷ്, ബാല ശരവണന്‍, ശില്‍പ മഞ്ജുനാഥ് എന്നിവര്‍ മറ്റ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡ്രംസ്റ്റിക്ക് പ്രൊഡക്ഷന്‍സ്, ഇസഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ എസ് ശക്തിവേല്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ് വൈഷ്ണവി വിവേക്ചന്ദര്‍ സഹനിര്‍മ്മാതാവ്. സം​ഗീതം സാം സിഎസ്, ഛായാ​ഗ്രഹണം അരുള്‍ വിന്‍സെന്‍റ്, എ‍ഡിറ്റിം​ഗ് പ്രസന്ന ജി കെ, കലാസംവിധാനം പ്രേം കറുന്തമലൈ, എ എം ആനന്ദ്‍രാജ് എംഎഫ്എ, കോസ്റ്റ്യൂം ഡിസൈനേഴ്സ് കൊച്ചൈ, ശ്രുതി മഞ്ജരി (കീര്‍ത്തി സുരേഷ്). നവംബര്‍ 20 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്. തമിഴിനൊപ്പം തെലുങ്ക് പതിപ്പും തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ധനുഷും മമ്മൂട്ടിയും ഒന്നിക്കുന്ന ഓം തിയറ്ററുകളിലെത്തുന്നതും ഇതേ ദിവസമാണ്. രാജ്കുമാര്‍ പെരിയസാമിയാണ് ഈ ചിത്രത്തിന്‍റെ സംവിധാനം.

Sathyavan Savithiri Official Teaser (Tamil) | Keerthy Suresh | Mysskin | Praveen | 20th Nov 2026