'മനുഷ്യ കമ്പ്യൂട്ടര്‍' എന്നു വിശേഷിപ്പിക്കപ്പെട്ട ശകുന്തളാ ദേവിയായി വിദ്യ ബാലന്‍ എത്തുന്ന സിനിമയുടെ ട്രെയ്‍ലര്‍ പുറത്തെത്തി. രണ്ടേമുക്കാല്‍ മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലറില്‍ ശകുന്തളാ ദേവിയുടെ പ്രതിഭ തിരിച്ചറിയപ്പെടുന്ന ബാല്യകാലം മുതല്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. അതേസമയം എന്‍റര്‍ടെയ്‍നര്‍ സ്വഭാവം വിടാത്ത സിനിമയായിരിക്കും ശകുന്തളാ ദേവിയെന്നും ട്രെയ്‍ലര്‍ സൂചന തരുന്നു.

മെയ് എട്ടിന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുകയായിരുന്നു. ഇപ്പോള്‍ തീയേറ്റര്‍ റിലീസ് തന്നെ ഒഴിവാക്കി ഡയറക്ട് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈം വഴിയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്താന്‍ പോകുന്നത്. ഈ മാസം 31നാണ് റിലീസ്.

അനു മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യ ബാലനൊപ്പം സാന്യ മല്‍ഹോത്ര, ജിഷു സെന്‍ഗുപ്‍ത, അമിത് സാധി തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. അനു മേനോനും നയനിക മഹ്‍താനിയും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ഇഷിത മൊയ്ത്ര. ഛായാഗ്രഹണം കെയ്കോ നകഹാര. എഡിറ്റിംഗ് അന്തര ലാഹിരി. സംഗീതം സച്ചിന്‍-ജിഗര്‍. പബ്ലിസിറ്റി ഡിസൈന്‍ ഹൗസ് ഓഫ് ഏവ്.