മലയാളത്തില്‍ തരംഗം തീര്‍ത്ത മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം' ഒട്ടേറെ ഇന്ത്യന്‍ ഭാഷകളിലും സിംഹള ഭാഷയിലും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ചിത്രത്തിന്റെ ചൈനീസ് പതിപ്പും പുറത്തിറങ്ങുമെന്ന് നേരത്തേ വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ ചൈനീസ് പതിപ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി തീയേറ്ററുകളില്‍ എത്താനൊരുങ്ങുന്നു. ക്രിസ്മസ് റിലീസ് ആയി ഈ മാസം 20ന് റിലീസ് ചെയ്യപ്പെടാന്‍ ഇരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. 'ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്' എന്നാണ് ദൃശ്യം ചൈനീസ് റീമേക്കിന്റെ പേര്.

യാങ് സിയാവോയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ച കഥാപാത്രത്തെ ചൈനീസില്‍ അവതരിപ്പിക്കുന്നത്. 'ലീ' എന്നാണ് നായക കഥാപാത്രത്തിന്റെ പേര്. സാം ക്വ ആണ് സംവിധായകന്‍. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, സിംഹള ഭാഷകളിലെ റിമേക്കുകള്‍ നേരത്തേ പുറത്തെത്തിയിരുന്നു.