'കോലമാവ് കോകില' ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം

കൊവിഡ് (Covid 19) പശ്ചാത്തലത്തില്‍ ഒരു വര്‍ഷത്തിലേറെ റിലീസ് നീണ്ട പ്രധാന റിലീസുകളില്‍ ഒന്നാണ് ശിവകാര്‍ത്തികേയന്‍ (Sivakarthikeyan) നായകനാവുന്ന തമിഴ് ചിത്രം 'ഡോക്ടര്‍' (Doctor Movie). ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി അണിയറക്കാര്‍ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബര്‍ 9നാണ് തമിഴ്, തെലുങ്ക് ഭാഷകളില്‍ ചിത്രം തിയറ്ററുകളിലേത്ത് എത്തുന്നത്. 'വരുണ്‍ ഡോക്ടര്‍' (Varun Doctor) എന്നാണ് ചിത്രത്തിന്‍റെ തെലുങ്ക് ടൈറ്റില്‍. ഇപ്പോഴിതാ മെഡിക്കല്‍-ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തിയിരിക്കുകയാണ്.

ശിവകാര്‍ത്തികേയന്‍റെ കരിയറിലെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നാവും ഡോക്ടര്‍ എന്ന പ്രതീക്ഷ പകരുന്നതാണ് ട്രെയ്‍ലര്‍. അവയവ വ്യാപാരത്തിന്‍റെ കാണാപ്പുറങ്ങളും അതോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അധോലോകവുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലമാവുന്നത്. 'കോലമാവ് കോകില' ഒരുക്കിയ നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ് സംവിധാനം. വിജയ്‍യുടെ പുതിയ ചിത്രം 'ബീസ്റ്റ്' സംവിധാനം ചെയ്യുന്നതും ഇദ്ദേഹമാണ്.

പ്രിയങ്ക അരുള്‍ മോഹന്‍, വിനയ് റായ്, മിലിന്ദ് സോമന്‍, ഇളവരസ്, യോഗി ബാബു, ദീപ, അരുണ്‍ അലക്സാണ്ടര്‍, റെഡിന്‍ കിങ്സ്‍ലി, സുനില്‍ റെഡ്ഡി, അര്‍ച്ചന, ശിവ അരവിന്ദ്, രഘു റാം, രാജീവ് ലക്ഷ്‍മണ്‍ എന്നിവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് ആര്‍ നിര്‍മ്മല്‍, സംഗീതം അനിരുദ്ധ് രവിചന്ദര്‍, സംഘട്ടനം അന്‍പറിവ്, കൊറിയോഗ്രഫി ജാനി. ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ശിവകാര്‍ത്തികേയന്‍ ആണ് നിര്‍മ്മാണം. സഹനിര്‍മ്മാണവും വിതരണവും കെജെആര്‍ സ്റ്റുഡിയോസ്. 

YouTube video player