നവാഗതരുടെ സിനിമകള്‍ നിര്‍മ്മിക്കുന്നതിനായി ഫ്രൈഡേ ഫിലിം ഹൗസ് ആരംഭിച്ച ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്‌പെരിമെന്റ്‌സിന്റെ രണ്ടാം ചിത്രം വരുന്നു. 'സുല്ല്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. വിഷ്ണു ഭരദ്വാജ് ആണ് രചനയും സംവിധാനവും. 

വീട്ടിലെ അലമാരയില്‍ കുടുങ്ങിപ്പോകുന്ന ഒരു ആണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. നവാഗതരായ ബാലതാരങ്ങള്‍ക്കൊപ്പം വിജയ് ബാബുവും അനുമോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ബജറ്റ് 30 ലക്ഷമാണെന്നും സാങ്കേതികപ്രവര്‍ത്തകരുടെ ശരാശരി പ്രായം 23ല്‍ താഴെയാണെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

സ്റ്റിജിന്‍ സ്റ്റാര്‍വ്യൂ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് സ്റ്റീഫന്‍ മാത്യു. പശ്ചാത്തല സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. ടൈറ്റില്‍ മ്യൂസിക് അഭിരാമി സുരേഷ്. അസോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ സുരേഷ്. ജോണ്‍ മന്ത്രിക്കലിന്റെ 'ജനമൈത്രി'യാണ് ഫ്രൈഡേ ഫിലിം ഹൗസ് എക്‌സ്‌പെരിമെന്റ്‌സിന്റെ ആദ്യചിത്രം.