അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അഭിനയ ജീവിതത്തിലേക്കു തിരിച്ചെത്തുകയാണ് സുഷ്‍മിത സെന്‍. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഒരു വെബ് സിരീസ് ആണ് സുഷ്‍മിതയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്നത്. 'ആര്യ' എന്നു പേരിട്ടിരിക്കുന്ന സിരീസില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിക്കുന്നത്. സുഷ്‍മിതയുടെ ആദ്യ വെബ് സിരീസുമാണ് ഇത്. സിരീസിന്‍റെ ട്രെയ്‍ലര്‍ കഴിഞ്ഞ ദിവസം പുറത്തെത്തി.

മയക്കുമരുന്ന് ബിസിനസ് നടത്തുന്ന ഒരാളുടെ (അവതരിപ്പിക്കുന്നത് ചന്ദ്രചൂര്‍ സിംഗ്) ഭാര്യയാണ് സുഷ്‍മിതയുടെ ആര്യ. മൂന്ന് മക്കളുമുണ്ട് ഇവര്‍ക്ക്. എന്നാല്‍ ഭര്‍ത്താവ് കൊല്ലപ്പെടുകയാണ്. കുടുംബത്തിന്‍റെ സംരക്ഷണം മുതല്‍ ഭര്‍ത്താവ് നടത്തിയിരുന്ന ബിസിനസ് ഏറ്റെടുത്തു നടത്തുന്നതുവരെ എല്ലാ ചുമതലകളും ആര്യയുടെ ചുമലിലേക്ക് എത്തുകയാണ് പിന്നീട്. ഭര്‍ത്താവിന്‍റെ ബിസിനസ് പങ്കാളികളില്‍ നിന്നും പൊലീസില്‍ നിന്നുമൊക്കെ തുടര്‍ച്ചയായി വന്നുചേരുന്ന പ്രതിബന്ധങ്ങളില്‍ ആര്യ എങ്ങനെ പൊരുതി നില്‍ക്കുന്നുവെന്ന് സിരീസ് പറയും. സുഷ്‍മിതയുടെ കരിയറില്‍ ഓര്‍ത്തിരിക്കാനാവുന്ന കഥാപാത്രമാവും ആര്യയെന്ന് പ്രതീക്ഷ പകരുന്നതാണ് പുറത്തെത്തിയ ട്രെയ്‍ലര്‍.

നീര്‍ജ സിനിമ ഒരുക്കിയ റാം മധ്വാനിയാണ് സിരീസിന്‍റെ സംവിധായകന്‍. നമിത് ദാസ്, സിക്കന്ദര്‍ ഖേര്‍, മനീഷ് ചൗധരി, വിനോദ് റാവത്ത്, അങ്കൂര്‍ ഭാട്ടിയ, അലക്സ് ഒ നീല്‍, സുഗന്ധ ഗാര്‍ഗ് തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഈ മാസം 19ന് പ്രീമിയര്‍.