ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകരുടെ ഇഷ്‍ട സംവിധായകനായ ക്രിസ്റ്റഫര്‍ നോളന്റെ പുതിയ സിനിമയാണ് ടെനെറ്റ്. ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ ഫോട്ടോകള്‍ നേരത്തെ തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലറും നോളന്റെ ആരാധകര്‍ ആഘോഷമാക്കുകയാണ്. മുംബൈയിലെ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ചിത്രീകരിച്ച രംഗങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

രാജ്യാന്തര ചാരവൃത്തിയുടെ കഥയാണ് സിനിമ പറയുന്നത്. ഏഴ് രാജ്യങ്ങളിലാണ് ചിത്രം ചിത്രീകരിക്കുന്നത്.  ഹിന്ദി നടി ഡിംപിള്‍ കപാഡിയയും ചിത്രത്തിലുണ്ട്. പത്ത് ദിവസത്തെ ഷൂട്ടിംഗ് ആണ് മുംബൈയിലുണ്ടായിരുന്നത്.  ഡിംപിള്‍ കപാഡിയയുടെ ചിത്രത്തിലെ ലുക്ക്  ഇതിനു മുമ്പ് തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നിരുന്നു. ഡിംപിള്‍ കപാഡിയയ്‍ക്ക് ഓഡിഷനില്‍ നല്‍കിയ തിരക്കഥയിലെ രംഗങ്ങള്‍ പോലും സിനിമയില്‍ ഉണ്ടാകാൻ സാധ്യതയില്ലെന്ന് നടിയുടെ മാനേജര്‍ പറയുന്നു. ഒന്നരമാസം പരിശീലനം നേടിയാണ് ഡിംപിള്‍ കപാഡിയ ഓഡിഷനില്‍ പങ്കെടുത്തതെന്നും മാനേജര്‍ പറയുന്നു. ആക്ഷൻ എപ്പിക്ക് ആയിരിക്കും സിനിമ.  ഇന്റര്‍സ്റ്റെല്ലാര്‍, ഡണ്‍കിര്‍ക് എന്ന സിനിമകളുടെ ക്യാമറാമാൻ ഹൊയ്‍തി വാൻ ഹൊയ്‍തെമയാണ് ടെനെറ്റിന്റെയും ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.