'ദി കണ്‍ജറിംഗ്' സിരീസിലെ ഏറ്റവും പുതിയ ചിത്രം 'കണ്‍ജറിംഗ്: ദി ഡെവിള്‍ മേഡ് മി ഡു ഇറ്റി'ന്‍റെ ഫൈനല്‍ ട്രെയ്‍ലര്‍ വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സ് പുറത്തുവിട്ടു. കണ്‍ജറിംഗ് യൂണിവേഴ്സിലെ എട്ടാമത്തെ ചിത്രവും കണ്‍ജറിംഗ് ട്രൈലജിയിലെ മൂന്നാമത്തെ ചിത്രവുമാണ് ഇത്. കണ്‍ജറിംസ് സിരീസിലെ ഏറ്റവും ഇരുണ്ടതും ഭയപ്പെടുത്തുന്നതുമെന്നാണ് പുതിയ ചിത്രത്തെ അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്നത്.

ഒരു കൊലയാളി തന്‍റെ ചെയ്‍തികള്‍ക്കു കാരണം ചെകുത്താന്‍ ബാധയാണെന്ന് അവകാശപ്പെടുന്നിടത്താണ് ചിത്രത്തിന്‍റെ പ്ലോട്ട് വികസിക്കുന്നത്. ഗോസ്റ്റ് ഹണ്ടേഴ്സ് ആയ എഡ് വാറന്‍ (പാട്രിക് വില്‍സണ്‍), ലൊറൈന്‍ വാറന്‍ (വെറ ഫാര്‍മിഗ) എന്നിവര്‍ ഇത് അന്വേഷിക്കാന്‍ എത്തുന്നു. തുടര്‍ന്നു നടക്കുന്ന സംഭവങ്ങളാണ് പ്രേക്ഷകരില്‍ ആകാംക്ഷയും ഭയവും ജനിപ്പിക്കുന്നത്. ആര്‍ണി ഷെയാന്‍ ജോണ്‍സണ്‍ എന്നയാളുടെ കുറ്റവിചാരണയുമായി ബന്ധപ്പെട്ട യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ചിത്രമെന്നും അണിയറക്കാര്‍ വ്യക്തമാക്കുന്നു.

മൈക്കള്‍ ചാവെസ് സംവിധാനം ചെയ്യുന്ന ചിത്രം ഹൈബ്രിഡ് റിലീസ് ആയി ഈ മാസം നാലിന് പ്രേക്ഷകരിലേക്ക് എത്തും. തിയറ്ററുകള്‍ക്കൊപ്പം വാര്‍ണര്‍ ബ്രദേഴ്സിന്‍റെ ഒടിടി പ്ലാറ്റ്ഫോം ആയ എച്ച്ബിഒ മാക്സിലും ചിത്രം കാണാനാവും. ഐ മാക്സ് റിലീസുമുണ്ട്.