Asianet News MalayalamAsianet News Malayalam

റൊമാന്‍റിക് കോമഡിയുമായി അര്‍ജുന്‍ അശോകന്‍, പ്രേക്ഷകശ്രദ്ധ നേടി 'ത്രിശങ്കു' ട്രെയ്‍ലര്‍

'അന്ധാധുൻ', 'മോണിക്ക ഒ മൈ ഡാർലിംഗ്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമ

Thrishanku trailer got audience attention Arjun Ashokan anna ben nsn
Author
First Published May 4, 2023, 11:16 AM IST

അന്ന ബെനും അർജുൻ അശോകനും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി ചിത്രം 'ത്രിശങ്കു'വിന്റെ ട്രെയ്‍ലറിന് മികച്ച പ്രേക്ഷകപ്രതികരണം. നവാഗതനായ അച്യുത് വിനായകാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സേതുവും മേഘയും ഒളിച്ചോടി വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന അന്നേ ദിവസം സേതുവിൻറെ സഹോദരി മറ്റൊരാളോടൊപ്പം ഒളിച്ചോടുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങളാണ് 'ത്രിശങ്കു'വിൽ ചുരുളഴിയുന്നത്. സേതുവിനെ അർജുൻ അശോകനും മേഘയെ അന്ന ബെന്നും അവതരിപ്പിക്കുന്നു. ട്രെയിലർ യൂട്യൂബിൽ ലഭ്യമാണ്. മേയ് 26 ന് 'ത്രിശങ്കു' തിയറ്ററുകളിലെത്തും.

'അന്ധാധുൻ', 'മോണിക്ക ഒ മൈ ഡാർലിംഗ്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയരായ മാച്ച്ബോക്‌സ് ഷോട്‌സ് മലയാളത്തിൽ ആദ്യമായി നിർമിക്കുന്ന സിനിമയാണ് 'ത്രിശങ്കു'. സഞ്ജയ് രൗത്രേയും സരിതാ പാട്ടീലുമാണ് നിർമാതാക്കൾ. ഇന്ത്യൻ നവതരംഗ സിനിമാ സംവിധായകൻ ശ്രീറാം രാഘവനാണ് മാച്ച്ബോക്‌സ് ഷോട്സിന്റെ മെൻ്റർ. മാച്ച്ബോക്‌സ് ഷോട്സിന്റെ ബാനറിൽ സഞ്ജയ് റൗത്രേ, സരിത പാട്ടീൽ എന്നിവർക്ക് പുറമെ ലകൂണ പിക്ചേഴ്സിന് വേണ്ടി വിഷ്ണു ശ്യാമപ്രസാദ്, ക്ലോക്ക്ടവർ പിക്ചേഴ്‌സ് ആൻഡ് കമ്പനിക്ക് വേണ്ടി ഗായത്രി എം എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ജനപ്രിയതാരനിരയും കഥയും കൊണ്ട് 'ത്രിശങ്കു' എല്ലാ പ്രായക്കാരെയും രസിപ്പിക്കുമെന്ന് നിർമാതാവ് സഞ്ജയ് റൗത്രേ പറഞ്ഞു. "ചിത്രത്തിലെ ഒളിച്ചോട്ടത്തിന്റെ ത്രസിപ്പിക്കലുകളും കുടുംബരംഗങ്ങളുടെ വൈകാരികതയും പ്രേക്ഷകരെ ചിത്രം തീർച്ചയായും തിയേറ്ററിൽ പിടിച്ചിരുത്തും", അദ്ദേഹം അഭിപ്രായപ്പെട്ടു.

'ത്രിശങ്കു'വിലെ കഥയും കഥാപാത്രങ്ങളും സാധാരണപ്രേക്ഷകർക്ക് പരിചിതമാണെന്നും ഒപ്പം മലയാളസിനിമയുടെ വിഷയവൈവിധ്യവും മനോഹാരിതയും കൊണ്ടുതന്നെ മറ്റേത് ഭാഷയിലുള്ളവർക്കും ചിത്രം സ്വീകാര്യമാകുമെന്നും നിർമ്മാതാക്കളെന്ന നിലയിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും നിർമാതാവ് സരിത പാട്ടീൽ പറഞ്ഞു.

സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു, ഫാഹിം സഫർ, ശിവ ഹരിഹരൻ, കൃഷ്ണകുമാർ, ബാലാജി മോഹൻ തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയേഷ് മോഹനും അജ്മൽ സാബുവും ചേർന്നാണ് ഛായാഗ്രഹണം. എഡിറ്റിംഗ് രാകേഷ് ചെറുമഠം. പാട്ടുകളും പശ്ചാത്തല സംഗീതവും ജെകെയുടേതാണ്. ധനുഷ് നായനാർ ആണ് സൗണ്ട് ഡിസൈൻ. ഇ 4 എന്റർടൈൻമെന്റിലൂടെ എ പി ഇന്റർനാഷണൽ ആണ് ചിത്രം വിതരണം ചെയ്യുന്നത്. തിങ്ക് മ്യൂസിക് ആണ് ഗാനങ്ങൾ റിലീസ് ചെയ്യുന്നത്.

ALSO READ : ബജറ്റ് 50 കോടി, കളക്ഷന്‍ തുച്ഛം; 'ശാകുന്തളം' നിര്‍മ്മാതാവിന് ഉണ്ടാക്കിയ നഷ്ടം എത്ര?

Follow Us:
Download App:
  • android
  • ios