നവാഗതനായ ശരത്ത് ആണ് സംവിധാനം

ഷെയ്‍ന്‍ നിഗത്തെ (Shane Nigam) നായകനാക്കി നവാഗതനായ ശരത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'വെയിലി'ന്‍റെ (Veyil) ഫൈനല്‍ ട്രെയ്‍ലര്‍ പുറത്തെത്തി. ജനുവരി 28ന് തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ അവതരിപ്പിച്ചത്. സിദ്ധാര്‍ഥ് എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ജീവിതത്തിലെ പല സന്ദർഭങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും കടന്നു പോകുന്ന അമ്മയുടെയും രണ്ട് ആൺമക്കളുടെയും കഥയാണ് ചിത്രം പറയുന്നത്. സിദ്ധാര്‍ഥിന്‍റെ റൊമാന്‍റിക് ട്രാക്കും ചിത്രത്തിലുണ്ട്.

ഷെയ്‍നിനൊപ്പം ഷൈന്‍ ടോം ചാക്കോ, ജയിംസ് എലിയ, ശ്രീരേഖ, സോന ഒളിക്കല്‍, മെറിന്‍ ജോസ്, ഇമ്രാന്‍, സുധി കോപ്പ, ഗീതി സംഗീതിക, അനന്തു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ പ്രകടനത്തിന് ശ്രീരേഖയ്ക്ക് മികച്ച സഹനടിക്കുള്ള സംസ്ഥാന പുരസ്‍കാരം ലഭിച്ചിരുന്നു. ആറ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. തമിഴിൽ പ്രശസ്‍തനായ പ്രദീപ്‌ കുമാർ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രദീപിന്‍റെ ആദ്യ മലയാള ചിത്രമാണ് വെയിൽ. ഗുഡ്‌വിൽ എന്‍റര്‍ടെയ്‍‍ന്‍‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഷാസ് മുഹമ്മദ്. എഡിറ്റിംഗ് പ്രവീൺ പ്രഭാകർ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, വസ്ത്രാലങ്കാരം മെൽവിൻ, ചമയം ബിബിൻ തൊടുപുഴ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ, അസോസിയേറ്റ് ഡയറക്ടേഴ്സ് ഹാരിസ് റസാഖ്, ലക്ഷ്‌മി ഗോപികുമാർ, സംഘട്ടനം ജിഎൻ, കലാസംവിധാനം രാജീവ്‌, പിആർഒ ആതിര ദിൽജിത്.