രുക്മിണി മൈത്ര നായികയാവുന്ന ചിത്രത്തില്‍ നേഹ ധൂപിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു

ബോളിവുഡിലെ (Bollywood) പുതുതലമുറ ആക്ഷന്‍ ഹീറോകളില്‍ ഏറെ ആരാധകരുള്ള താരമാണ് വിദ്യുത് ജാംവാല്‍ (Vidyut Jammwal). 'കമാന്‍ഡോ' ഫ്രാഞ്ചൈസിയിലിറങ്ങിയ മൂന്ന് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റെ ജനപ്രീതി വര്‍ധിപ്പിച്ചത്. ഇപ്പോഴിതാ വിദ്യുത് നായകനാവുന്ന പുതിയ ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ എത്തിയിരിക്കുകയാണ്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പേര് 'സനക്' (Sanak) എന്നാണ്. കനിഷ്‍ക് വര്‍മ്മയാണ് സംവിധായകന്‍.

രുക്മിണി മൈത്ര നായികയാവുന്ന ചിത്രത്തില്‍ നേഹ ധൂപിയ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ചന്ദന്‍ റോയ് സന്യാല്‍, അമോല്‍ ഗുപ്‍തെ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. വിവാന്‍ അഹൂജ എന്നാണ് വിദ്യുത് ജാംവാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. നഗരത്തിലെ ഒരു പ്രധാന ആശുപത്രിയില്‍ രോഗികളെ ബന്ദികളാക്കുന്ന തീവ്രവാദികളെ നേരിടുകയാണ് ചിത്രത്തില്‍ നായകന്‍റെ മിഷന്‍.

ആഷിഷ് പി വര്‍മ്മയുടേതാണ് തിരക്കഥ. സൗണ്ട് ഡിസൈന്‍ ഗണേഷ് ഗംഗാധരന്‍. ഛായാഗ്രഹണം പ്രതീക് ഡിയോറ, ആക്ഷന്‍ ഡയറക്ടര്‍ ആന്‍ഡി ലോംഗ് സ്റ്റണ്ട് ടീം, എഡിറ്റിംഗ് സഞ്ജയ് ശര്‍മ്മ. സീ സ്റ്റുഡിയോസും സണ്‍ഷൈന്‍ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം. ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 15ന് എത്തും.

YouTube video player