നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം

കോളിവുഡില്‍ പുതുമ നിറഞ്ഞ അവതരണവുമായി എത്തി വലിയ വിജയം നേടിയ ചിത്രമായിരുന്നു വിക്രം വേദ. സംവിധായക ദമ്പതികള്‍ പുഷ്‍കര്‍- ഗായത്രിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം 2017 റിലീസ് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഹിന്ദി റീമേക്ക് പുറത്തെത്താന്‍ ഒരുങ്ങുകയാണ്. തമിഴില്‍ മാധവനും വിജയ് സേതുപതിയുമാണ് ടൈറ്റില്‍ കഥാപാത്രങ്ങളായ വിക്രമും വേദയുമായി എത്തിയതെങ്കില്‍ ഹിന്ദി റീമേക്കില്‍ അത് യഥാക്രമം സെയ്ഫ് അലി ഖാനും ഹൃത്വിക് റോഷനുമാണ്. പുഷ്കര്‍- ഗായത്രി തന്നെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡെയാണ്. ചിത്രത്തിന്‍റെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

1.54 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ സെയ്ഫിന്‍റെ വിക്രത്തെയും ഹൃത്വിക്കിന്‍റെ വേദയെയും നന്നായി അവതരിപ്പിച്ചിട്ടുണ്ട്. ബോളിവുഡ് പ്രേക്ഷകരെ ചിത്രം തൃപ്തിപ്പെടുത്തുമെന്നാണ് സിനിമാലോകത്തിന്‍റെ പ്രതീക്ഷ. കൊവിഡിനു ശേഷം കരകയറാനാവാതെ കുഴയുന്ന ബോളിവുഡ് വ്യവസായത്തിന് ചിത്രം ആശ്വാസം പകരുമോ എന്ന് കണ്ടറിയണം. രാധിക ആപ്തെ, രോഹിത്ത് സറഫ്, യോ​ഗിത ബിഹാനി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫ്രൈഡേ ഫിലിം‍വര്‍ക്ക്സിന്‍റെ ബാനറില്‍ നീരജ് പാണ്ഡേ, ഒപ്പം റിലയന്‍സ് എന്‍റര്‍ടെയ്‍ന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. 

ALSO READ : 'അവതാര്‍' തിയറ്ററില്‍ കണ്ടിട്ടില്ലേ? '4കെ'യില്‍ കാണാന്‍ സുവര്‍ണാവസരം

നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ട തമിഴ് ചിത്രം വിക്രം വേദ ഭാഷയുടെ അതിരുകള്‍ക്കപ്പുറത്ത് പ്രേക്ഷകസ്വീകാര്യത നേടിയിരുന്നു. കേരളത്തിലും വന്‍ വിജയമായിരുന്നു ചിത്രം. പഴയ വിക്രമാദിത്യന്‍-വേതാളം കഥയെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍ ധര്‍മ്മത്തെയും നീതിയെയും കുറിച്ച് പൊലീസ് ഓഫീസറോട് (മാധവന്‍) ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഗുണ്ടാത്തലവനായിരുന്നു വിജയ് സേതുപതി കഥാപാത്രം. ഇരുവരുടെയും പ്രകടനവും കൈയടി നേടിയിരുന്നു. സെപ്റ്റംബര്‍ 30 ആണ് പ്രഖ്യാപിച്ചിരിക്കുന്ന റിലീസ് തീയതി.

Vikram Vedha Teaser | Hrithik Roshan, Saif Ali Khan | Pushkar & Gayatri | Radhika Apte|Bhushan Kumar