Asianet News MalayalamAsianet News Malayalam

പടക്കപ്പൽ പാഞ്ഞടുത്തു, കടൽക്കൊള്ളക്കാർ പേടിച്ചോടി! വളഞ്ഞിട്ടുതൂക്കി കപ്പലിലിട്ടു, നടുക്കടലിൽ ഇന്ത്യൻ താണ്ഡവം!

തുടർന്ന് കടൽക്കൊള്ളക്കാ‍ർ മദർഷിപ്പായി ഉപയോഗിച്ചിരുന്ന കപ്പൽ നാവികസേന കണ്ടെത്തി. 15ന് പുലർച്ചെ മുതൽ ഈ കപ്പലിനെ ഐഎൻഎസ് കൊൽക്കത്ത പിന്തുടരാൻ തുടങ്ങി. എന്നാൽ ഇന്ത്യൻ യുദ്ധക്കപ്പലിന്റെ സാന്നിദ്ധ്യം മനസിലാക്കിയ കടൽക്കൊള്ളക്കാർ ശ്രമമുപേക്ഷിച്ച് സൊമാലിയൻ  തീരത്തേക്ക് നീങ്ങി.

How Indian Navy defeated Somali pirates
Author
First Published Mar 24, 2024, 11:11 AM IST

ന്ത്യൻ നാവികസേന പിടികൂടിയ 35 സൊമാലിയൻ കടൽകൊള്ളക്കാരെ കഴിഞ്ഞ ദിവസമാണ് മുംബൈയില്‍ എത്തിച്ചത്. ഇവരെ തുടർ നിയമനടപടികൾക്കായി മുംബൈ പൊലീസിന് കൈമാറി. ഐഎൻഎസ് കൊൽക്കത്ത യുദ്ധക്കപ്പലിലാണ് ഇവരെ മുംബൈ തീരത്ത് എത്തിച്ചത്. അറബിക്കടലിലും ഏദൻ കടലിടുക്കിലും വാണിജ്യക്കപ്പലുകൾക്ക് നേരെയുണ്ടാവുന്ന കടൽക്കൊള്ള ആക്രമണങ്ങൾ തടയാൻ ഇന്ത്യൻ നാവികസേന ആരംഭിച്ച ഓപ്പറേഷൻ സങ്കൽപിന്റെ ഭാഗമായാണ് ഇവരെ പിടികൂടിയത്. അതിസാഹസികമായി ഇന്ത്യൻ നാവികസേന കടൽക്കൊള്ളക്കാരെ കുടുക്കിയത് എങ്ങനെയെന്ന് അറിയാം

2023 ഡിസംബർ 14 ന് സൊമാലിയൻ കടൽക്കൊള്ളക്കാർ എംവി റൂവൺ എന്ന ചരക്കുകപ്പൽ തട്ടിയെടുക്കുകയായിരുന്നു. 17 ജോലിക്കാരും (ഏഴുപേർ ബൾഗേറിയയിൽ നിന്നും ഒരാൾ മംഗോളിയയിൽ നിന്നും ഒമ്പതുപേർ മ്യാൻമറിൽ നിന്നും) ഏകദേശം 37800 ടൺ ചരക്കുകളുമായും ഏകദേശം ഒരു ദശലക്ഷം ഡോളർ വിലമതിക്കുന്ന ചരക്കുകളുമായാണ് കപ്പൽ സഞ്ചരിച്ചിരുന്നത്. 

കപ്പലിലുണ്ടായിരുന്ന 17 പേരെയും ബന്ദികളാക്കിയാണ് കടൽക്കൊള്ളക്കാർ കപ്പൽ പിടിച്ചെടുത്തത്. കടൽക്കൊള്ളക്കാർ കപ്പലിനെ മദർഷിപ്പായാണ് ഉപയോഗിച്ചിരുന്നത്. സംഭവത്തിൽ ബൾഗേറിയ ഇന്ത്യൻ നാവികസേനയുടെ സഹായം തേടി. ഇതോടെ ഇന്ത്യൻ നാവികസേന ഇടപെട്ടു. തട്ടിക്കൊണ്ടുപോയ കപ്പലിനെ ഇന്ത്യൻ നാവികസേന കണ്ടെത്തിയത് ഇന്ത്യൻ തീരത്ത് നിന്ന് 1400 നോട്ടിക്കൽ മൈൽ അതായത് 2600 കിലോമീറ്റർ അകലെയാണ്. മാർച്ച് 15നാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്.  ഇതിനുശേഷം, C-17 വിമാനങ്ങളിൽ നിന്ന് INS സുഭദ്ര,  ഹാലെ RPA (High Altitude Long Endurance), P8I മാരിടൈം പട്രോൾ എയർക്രാഫ്റ്റ്, മാർക്കോസ്-പ്രഹാർ എന്നിവ പാരാഡ്രോപ്പ് ചെയ്താണ് ഓപ്പറേഷൻ നടത്തിയത്. കഴിഞ്ഞ ശനിയാഴ്ച ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് കൊൽക്കത്ത രക്ഷാപ്രവർത്തനം വിജയകരമായി പൂർത്തിയാക്കിയത്. 

നാടകീയം, അവിശ്വസനീയം! കടൽക്കൊള്ളക്കാരെ കുടുക്കി ഇന്ത്യൻ നേവി കപ്പൽ മോചിപ്പിച്ചത് ഇങ്ങനെ!

ഏകദേശം 40 മണിക്കൂർ നീണ്ടുനിന്ന ഓപ്പറേഷനിലൂടെയാണ് 35 കടൽക്കൊള്ളക്കാരെ നാവിക സേന പിടികൂടിയത്. ഒരു ചരക്കു കപ്പലിന് നേരെയുണ്ടായ ആക്രമണശ്രമത്തെ തുടർന്ന് ഇന്ത്യൻ നേവിയുടെ ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററിൽ വിവരം ലഭിക്കുകയായിരുന്നു. തുടർന്ന് കടൽക്കൊള്ളക്കാ‍ർ മദർഷിപ്പായി ഉപയോഗിച്ചിരുന്ന കപ്പൽ നാവികസേന കണ്ടെത്തി. 15ന് പുലർച്ചെ മുതൽ ഈ കപ്പലിനെ ഐഎൻഎസ് കൊൽക്കത്ത പിന്തുടരാൻ തുടങ്ങി. എന്നാൽ ഇന്ത്യൻ യുദ്ധക്കപ്പലിന്റെ സാന്നിദ്ധ്യം മനസിലാക്കിയ കടൽക്കൊള്ളക്കാർ ശ്രമമുപേക്ഷിച്ച് സൊമാലിയൻ  തീരത്തേക്ക് നീങ്ങി.

തുടർന്ന് ഈ കപ്പലിനെ പിന്തുടർന്നെത്തിയ ഐഎൻഎസ് കൊൽക്കത്ത, അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമുള്ള പരിശോധനയ്ക്കായി കപ്പൽ നിർത്തണമെന്ന സന്ദേശം കൈമാറി. എന്നാൽ അതിന് തയ്യാറാവാതെ കടൽക്കൊള്ളക്കാർ തിരികെ വെടിയുതിർത്തു. ഇതോടെ ഇന്ത്യൻ നാവികസേന ശക്തമായി തിരിച്ചടിച്ചു. കപ്പലിന്റെ തുടർയാത്ര ബലമായി തടഞ്ഞു. ഐഎൻഎസ് കൊൽക്കത്തയ്ക്ക് പിന്നാലെ ഇന്ത്യൻ നാവിക സേനയുടെ മറ്റൊരു പടക്കപ്പലായ ഐഎൻഎസ് സുഭദ്രയുമെത്തി. പിന്നെ എതിർത്തു നി‌ൽക്കാൻ അധികനേരം കൊള്ളക്കാർക്ക് സാധിച്ചില്ല. സ്ഥിതിഗതികൾ കണ്ട നാവികസേന ഉടൻതന്നെ സി-17 വിമാനത്തിൽ നിന്നുള്ള പാരച്യൂട്ട് ഉപയോഗിച്ച് മാർക്കോസ് കമാൻഡോകളെ കപ്പലിൽ ഇറക്കി. നേവി കമാൻഡോകളെ കണ്ട് 35 കൊള്ളക്കാരും കീഴടങ്ങി. 

ഇതിനുശേഷം നാവികസേന മുഴുവൻ കപ്പലും സൂക്ഷ്മമായി പരിശോധിച്ചു. ഇതിൽ നിരവധി ആയുധങ്ങളും മയക്കുമരുന്നുകളും മറ്റ് നിരോധിത വസ്തുക്കളും നാവികസേന കണ്ടെത്തി. ഏകദേശം 40 മണിക്കൂർ നീണ്ടുനിന്ന ഈ ഓപ്പറേഷനിൽ, നാവികസേന എംവി റൂയെൻ ലെ 17 ജീവനക്കാരെയും വിജയകരമായി രക്ഷിച്ചു.കൂടാതെ 35 സൊമാലിയൻ കടൽക്കൊള്ളക്കാരെയും കീഴടക്കി. 

ഈ കപ്പലും കൊള്ളക്കാരുമായി കഴിഞ്ഞ ദിവസമാണ് നാവികസേന ുംബൈയിൽ എത്തിയത്. ആൻ്റി പൈറസി ആക്ട് 2022 പ്രകാരം, കടൽക്കൊള്ളക്കാരെ തുടർനടപടികൾക്കായി മുംബൈ പോലീസിന് കൈമാറി. പ്രതികളെ കോടതിയിൽ ഹാജരാക്കി നാടുകടത്താനുള്ള നടപടികൾ ആരംഭിക്കും. ഐപിസി വകുപ്പുകൾ പ്രകാരം നടപടിയെടുക്കും. ഇന്ത്യൻ നാവികസേന 2008 മുതൽ 'ഓപ്പറേഷൻ സങ്കൽപ്' എന്ന പേരിൽ അറബിക്കടലിലും ഏദൻ ഉൾക്കടലിലും കപ്പലുകൾ വിന്യസിച്ചിട്ടുണ്ട്. അതുവഴി ആ പ്രദേശത്തുകൂടി കടന്നുപോകുന്ന നാവികരുടെയും ചരക്ക് കപ്പലുകളുടെയും സുരക്ഷ ഉറപ്പാക്കാൻ കഴിയും.

ഇന്ത്യൻ നാവികസേനയുടെ കൊൽക്കത്ത-ക്ലാസ് സ്റ്റെൽത്ത് ഗൈഡഡ്-മിസൈൽ ഡിസ്ട്രോയറുകളുടെ പ്രധാന കപ്പലാണ് ഐഎൻഎസ് കൊൽക്കത്ത. ഇന്ത്യൻ നഗരമായ കൊൽക്കത്തയുടെ പേരിലാണ് ഇതിന് പേര് ലഭിച്ചത്. മസഗോൺ ഡോക്ക് ലിമിറ്റഡിലാണ് (എംഡിഎൽ) ഇത് നിർമ്മിച്ചത്. കടൽ പരീക്ഷണങ്ങൾ പൂർത്തിയാക്കിയ ശേഷം 2014 ജൂലൈ 10 ന് ഈ കപ്പൽ നാവികസേനയ്ക്ക് കൈമാറി. 2014 ഓഗസ്റ്റ് 16 ന് നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കപ്പൽ ഔദ്യോഗികമായി കമ്മീഷൻ ചെയ്‍തത്.

youtubevideo

Follow Us:
Download App:
  • android
  • ios