ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ വഴുതിവീഴുന്ന യുവാവിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു. ട്രെയിനിനും പ്ലാറ്റ്‍ഫോമിനും ഇടയിലേക്ക് വീഴാന്‍ തുടങ്ങിയ യുവാവിനെ ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലാണ് രക്ഷിച്ചത്. 

അഹമ്മദാബാദ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. മേൽപ്പാലത്തിന്റെ പടികൾ ഇറങ്ങി പ്ലാറ്റ്ഫോമിലേക്ക് വന്ന യാത്രക്കാരന്‍ നീങ്ങിത്തുടങ്ങിയ ട്രെയിനിലേക്ക് കയറാൻ ശ്രമിക്കുന്നതും കാൽ വഴുതി പുറത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. 

ഈ സമയം പ്ലാറ്റ്ഫോമിലൂടെ നടക്കുകയായിരുന്ന രണ്ട് ആർപിഎഫ് ഉദ്യോഗസ്ഥരുടെ ഇടപടലാണ് യുവാവിനെ ജീവിതത്തിലേക്ക് തിരികെക്കയറ്റിയത്. ഓടിയെത്തിയ ഉദ്യോഗസ്ഥര്‍ യുവാവിനെ തള്ളി ട്രെയിനിന്‍റെ അകത്തേക്ക് കയറ്റുന്നതും വീഡിയോയില്‍ കാണാം. റെയില്‍വേ തന്നെയാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.