കേരളത്തിൽ മൺസൂൺ യാത്രകൾ നടത്താൻ അനുയോജ്യമായ സ്ഥലങ്ങൾ നിരവധിയാണ്.
മഴക്കാലം വന്നെത്തിയതോടെ പലരും മൺസൂൺ യാത്രകൾ പ്ലാൻ ചെയ്യുന്ന തിരക്കിലാകും. അത്തരത്തിൽ മഴക്കാലത്ത് കേരളത്തിൽ കണ്ടിരിക്കേണ്ട നിരവധി സ്ഥലങ്ങളുണ്ട്. കേരളത്തിൽ മൺസൂൺ യാത്രകൾ നടത്താൻ അനുയോജ്യമായ 5 ഡെസ്റ്റിനേഷനുകളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. മഴക്കാലമായതിനാൽ ഈ സ്ഥലങ്ങൾ സന്ദര്‍ശിക്കുമ്പോൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണം.
1. മൂന്നാർ
മഴക്കാലത്ത് കണ്ടിരിക്കേണ്ട കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് മൂന്നാർ. പച്ച പുതച്ച തേയിലത്തോട്ടങ്ങൾ, മൂടൽമഞ്ഞ് നിറഞ്ഞ മലനിരകൾ, പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ എന്നിവ മഴക്കാലമെത്തുന്നതോടെ സജീവമാകുന്നു. പശ്ചിമഘട്ടത്തിന്റെ മനോഹരമായ കാഴ്ചകൾ കണ്ട് മൂന്നാറിലെ വളഞ്ഞുപുളഞ്ഞ റോഡുകളിലൂടെയുള്ള യാത്ര മറക്കാനാകാത്ത അനുഭവങ്ങൾ സമ്മാനിക്കുമെന്ന് ഉറപ്പാണ്. മാട്ടുപ്പെട്ടി ഡാമും ഇരവികുളം നാഷണൽ പാർക്കുമെല്ലാം മഴക്കാലത്ത് സജീവമാകും.
2. ആലപ്പുഴ
"കിഴക്കിന്റെ വെനീസ്" എന്നറിയപ്പെടുന്ന ആലപ്പുഴ മൺസൂൺ യാത്രയ്ക്ക് ഏറെ അനുയോജ്യമായ സ്ഥലമാണ്. മഴ പെയ്യുന്നതോടെ കായലുകളുടെ ഭംഗി കൂടുതൽ ആസ്വാദിക്കാനാകും. ആലപ്പുഴയിലെ ഹൗസ്ബോട്ട് സവാരി ഒരിക്കലും മിസ്സാക്കാൻ പാടില്ല. ബീച്ച് വിഭവങ്ങളുടെ രുചി നുകർന്ന് സമാധാനപരമായ ഒരു മൺസൂൺ യാത്ര ആസ്വദിക്കാൻ ആലപ്പുഴ ഏറ്റവും മികച്ച ഓപ്ഷനാണെന്നതിൽ സംശയമില്ല.
3. തേക്കടി
തേക്കടി വന്യജീവി സങ്കേതവും സ്പൈസ് ഗാർഡനുമെല്ലാം മഴക്കാലമെത്തുന്നതോടെ സജീവമാകും. ട്രെക്കിംഗിനും പ്രകൃതി നടത്തത്തിനും പേരുകേട്ടതാണ് പെരിയാർ വന്യജീവി സങ്കേതം. മൂടൽമഞ്ഞ് നിറഞ്ഞ കുന്നുകളും ഇടതൂർന്ന വനങ്ങളും കൊണ്ട് ചുറ്റപ്പെട്ട പെരിയാർ തടാകത്തിൽ നിങ്ങൾക്ക് ബോട്ട് സവാരി ആസ്വദിക്കാനും കഴിയും. മൺസൂൺ ടൂറിസത്തിന്റെ യഥാർത്ഥ ഫീൽ ലഭിക്കണമെങ്കിൽ തേക്കടിയിലെത്തണം. മഴക്കാലത്ത് വന്യജീവികളെ നേരിൽ കാണാനും സാധിക്കുമെന്നതാണ് മറ്റൊരു സവിശേഷത. പ്രകൃതി സ്നേഹികൾക്ക് ഏറെ അനുയോജ്യമായ ഇടമാണ് തേക്കടി.
4. വയനാട്
കേരളത്തിലെ മൺസൂൺ യാത്രയിൽ സമാധാനവും ശാന്തതയും തേടുന്നവരാണെങ്കിൽ നേരെ വയനാട്ടിലേയ്ക്ക് പോകാം. മൺസൂൺ വയനാട്ടിലെ വെള്ളച്ചാട്ടങ്ങളുടെയും ഗുഹകളുടെയും തേയിലത്തോട്ടങ്ങളുടെയുമെല്ലാം ഭംഗി ഇരട്ടിയാക്കും. എടക്കൽ ഗുഹ മൺസൂണിൽ സന്ദർശിക്കാൻ അനുയോജ്യമായ സ്പോട്ടാണ്. ബാണാസുര ഡാം, കാരാപ്പുഴ ഡാം തുടങ്ങിയവയെല്ലാം നിറഞ്ഞൊഴുകുന്ന കാഴ്ചകൾ അതിമനോഹരമാണ്.
5. അതിരപ്പിള്ളി
‘ഇന്ത്യയുടെ നയാഗ്ര’ എന്നറിയപ്പെടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം മഴക്കാലത്ത് അവിസ്മരണീയമായ കാഴ്ചകളാണ് സഞ്ചാരികൾക്ക് സമ്മാനിക്കുക. കനത്ത മഴയിൽ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴും. പ്രകൃതി സ്നേഹികൾക്കും ഫോട്ടോഗ്രാഫർമാർക്കും പ്രിയപ്പെട്ട സ്പോട്ടാണ് അതിരപ്പിള്ളി. അതിരപ്പിള്ളി യാത്രയിൽ അതിരപ്പിള്ളിയിൽ നിന്ന് ഏകദേശം 5 കി.മീ അകലെ സ്ഥിതി ചെയ്യുന്ന വാഴച്ചാൽ വെള്ളച്ചാട്ടവും സന്ദർശിക്കാം.