പുതുവർഷത്തിൽ 12 മുന്തിരികൾ കഴിക്കുന്ന ട്രെന്‍ഡ്. ശരിക്കും ഭാഗ്യം വന്നത് മുന്തിരിക്കച്ചവടക്കാര്‍ക്ക്. ഒന്നൊഴിയാതെ വിറ്റുപോയതായി കടയുടമ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 

ന്യൂ ഇയർ രാത്രി 12 മുന്തിരികൾ തിന്നുക എന്നതായിരുന്നു ഈ വർഷത്തെ പ്രധാന ന്യൂ ഇയർ സോഷ്യൽ മീഡിയ ട്രെൻഡ്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് വർഷം മുഴുവനും സമൃദ്ധിയും ഐശ്വര്യവും സന്തോഷവും പ്രണയവും ഒക്കെയുണ്ടാകുമെന്നാണ് വിശ്വാസം. ഇനി എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് കരുതി ട്രെൻഡ് പിന്തുർന്നവരും, ട്രെൻഡല്ലേ നമ്മള് മാത്രം ചെയ്യാണ്ടിരുന്നാൽ മോശമല്ലേ എന്ന് കരുതി മുന്തിരി തിന്നവരും വിശ്വാസത്തിന്റെ പുറത്ത് മുന്തിരി തിന്നവരും ഒക്കെ ഇതിൽ പെടും. ഒരു കടയുടമയുടെ വീഡിയോയാണ് ഇപ്പോൾ വൈറലായി മാറുന്നത്. അദ്ദേഹം പറയുന്നത്, ഒരു പത്തുമുന്നൂറ് പേരെങ്കിലും മുന്തിരി കിട്ടാതെ കടയിൽ നിന്നും മടങ്ങിയിട്ടുണ്ടാവും എന്നാണ്.

View post on Instagram

'രാത്രി 12 മണിക്ക് ശേഷം മേശയ്ക്കടിയിൽ വച്ച് 12 മുന്തിരി കഴിക്കുന്നത് ഭാഗ്യം കൊണ്ടുവരുമെന്നാണ് മുന്തിരി വാങ്ങാൻ വന്നവർ തന്നോട് പറഞ്ഞത്" എന്നാണ് കടയുടമ പറയുന്നത്. തന്റെ കയ്യിൽ ഇനി മുന്തിരി ഒന്നും ബാക്കിയില്ല എന്നും കടയുടമ പറയുന്നു. മാർക്കറ്റിലെവിടെയെങ്കിലും മുന്തിരി കിട്ടാനുള്ള സാധ്യത 10 ശതമാനത്തിൽ താഴെയാണ് എന്നും കടയുടമ പറയുന്നതും വീഡിയോയിൽ കാണാം. '200-300 പേർ വെറുംകൈയോടെയാണ് മടങ്ങിയത്, എണ്ണാനാവുന്നതിലും അധികം പേരാണ് മുന്തിരി വാങ്ങിപ്പോയത്' എന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, പച്ച മുന്തിരി തന്നെയാണ് ആളുകൾ വാങ്ങുന്നത്. കാരണം, ഈ 12 മുന്തിരി കഴിക്കുന്ന ആചാരത്തിന് പച്ചമുന്തിരി തന്നെ വേണം.

12 മുന്തിരി ചലഞ്ച് ('12 Grapes Challenge')

എന്താണ് ഈ 'ഭാഗ്യത്തിന്റെ പന്ത്രണ്ട് മുന്തിരികൾ'. ന്യൂ ഇയർ രാത്രിയിൽ അതായത് 31 -ന് അർധരാത്രി 12 മുന്തിരികൾ കഴിക്കലാണ് ഇതിന്റെ രീതി. ഈ 12 മുന്തിരികളും വരാനിരിക്കുന്ന വർഷത്തിലെ 12 മാസങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. വെറുതെ കഴിച്ചാൽ പോരാ, ഓരോ തവണ ക്ലോക്ക് അടിക്കുമ്പോഴും ഓരോ മുന്തിരി വീതമാണ് കഴിക്കേണ്ടത്. ഒരു മിനിറ്റിനുള്ളിൽ 12 മുന്തിരികളും കഴിച്ചുതീർക്കാൻ കഴിഞ്ഞാൽ വരാനിരിക്കുന്ന വർഷം മുഴുവൻ ഭാഗ്യവും വിജയവും സമൃദ്ധിയും ലഭിക്കുമെന്നാണ് വിശ്വാസം. സ്പെയിനിലാണ് ഇതിന്റെ തുടക്കം. 1900 -കളുടെ തുടക്കത്തിൽ സ്പെയിനിലെ കർഷകർ മുന്തിരി വിളവെടുപ്പ് കൂടിയപ്പോൾ അതിന്റെ വിൽപ്പന കൂട്ടാനായിട്ടാണ് ഈ ആചാരം പ്രചരിപ്പിച്ചത്. എന്നാൽ, ഇപ്പോഴിത് ട്രെൻഡായിരിക്കയാണ്. ഈ ആചാരത്തിന്റെ ഭാ​ഗമൊന്നുമല്ലെങ്കിലും ആളുകൾ മുന്തിരി കഴിക്കുന്നു. അനേകം വീഡിയോകളാണ് ഇതുമായി ബന്ധപ്പെട്ട് വൈറലായിരിക്കുന്നത്.