ഒരാളുടെ തൂക്കം പരിശോധിക്കാൻ 5 രൂപ മാത്രമാണ് അദ്ദേഹം ഈടാക്കിയിരുന്നത്. മെഷീനില്‍ കയറി നിന്ന ശേഷം യുവതി അദ്ദേഹത്തിന് 100 രൂപാ നോട്ട് നൽകി. എന്നാൽ, അദ്ദേഹം ഉടൻ തന്നെ ആ പണം തിരികെ നൽകാൻ ശ്രമിച്ചു.
നാം ചിലപ്പോൾ കാണിക്കുന്ന ചെറിയ കരുതൽ പോലും വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നവയായിരിക്കും. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്. ഓഫീസിലേക്ക് പോകുന്ന വഴിക്കാണ് ഈ യുവതി അദ്ദേഹത്തെ കണ്ടുമുട്ടുന്നത്, വഴിയോരത്ത് ഭാരം അളക്കുന്ന മെഷീനുമായി ഇരിക്കുന്ന ഒരു വയോധികനെ. യുവതി തൂക്കം നോക്കാനായി അവിടെ നിൽക്കുകയും അദ്ദേഹം ചോദിച്ചതിലും കൂടുതൽ കാശ് നൽകുകയും ചെയ്തു. എന്നാൽ, ആ വയോധികന്റെ സത്യസന്ധമായ പ്രതികരണമാണ് ആളുകളുടെ മനസ്സ് തൊട്ടത്.
സപ്ന സിംഗ് എന്ന ഇൻസ്റ്റഗ്രാം യൂസറാണ് ഈ ഹൃദയസ്പർശിയായ അനുഭവം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്. 'എല്ലാ ദിവസവും രാവിലെ ഓഫീസിലേക്ക് പോകുമ്പോൾ ഞാൻ ഈ പാലം കടന്നുപോകാറുണ്ട്. അവിടെ ഈ അങ്കിൾ ഇരിക്കുന്നതും കാണാറുണ്ട്. എന്നാൽ, വൈകിയാണ് പോകുന്നതെന്നതിനാൽ സാധാരണയായി നിൽക്കാൻ സമയം കിട്ടാറില്ല. എന്നാൽ, ഇന്ന് ഞാൻ അല്പം നേരത്തെ എത്തി, അദ്ദേഹം ഭാരം അളക്കുന്ന മെഷീന്‍ തയ്യാറാക്കുന്നത് കണ്ടു' എന്ന് സപ്ന പറയുന്നു.
ഒരാളുടെ തൂക്കം പരിശോധിക്കാൻ 5 രൂപ മാത്രമാണ് അദ്ദേഹം ഈടാക്കിയിരുന്നത്. മെഷീനില്‍ കയറി നിന്ന ശേഷം യുവതി അദ്ദേഹത്തിന് 100 രൂപാ നോട്ട് നൽകി. എന്നാൽ, അദ്ദേഹം ഉടൻ തന്നെ ആ പണം തിരികെ നൽകാൻ ശ്രമിച്ചു. 'അതിന് 5 രൂപ മാത്രമേയുള്ളൂ എന്ന് അദ്ദേഹം ആവർത്തിച്ച് ആംഗ്യം കാണിച്ചുകൊണ്ടിരുന്നു. താൻ അധ്വാനിച്ചതിനേക്കാൾ ഒരു രൂപ പോലും കൂടുതൽ വാങ്ങാൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഞാൻ ചിരിച്ചുകൊണ്ട് അത് വച്ചോളാൻ പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഒരു ചെറിയ ചിരി വിരിഞ്ഞു' എന്നും യുവതി കുറിച്ചു. താൻ നടന്നുപോകുമ്പോഴും ആ പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നുവെന്നും, ആ ചിരി തന്റെ മനസ്സിൽ തങ്ങിനിന്നുവെന്നും അവർ പറയുന്നു.
'എന്തുകൊണ്ടാണ് 100 രൂപ മാത്രം നൽകിയതെന്ന് ചോദിക്കുന്നതിന് മുൻപ്, എന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന അവസാനത്തെ നോട്ട് അതായിരുന്നു. ആ നിമിഷം എനിക്ക് ചെയ്യാൻ കഴിയുന്നത് ഞാൻ ചെയ്തു. മറ്റൊരു തരത്തിൽ ചിന്തിച്ചാൽ, എന്നെക്കൂടാതെ അടുത്ത 20 പേർക്കുള്ള തുകയാണ് ഞാൻ നൽകിയത്' എന്നും യുവതി പറഞ്ഞു. 'നൽകുന്ന തുകയുടെ വലിപ്പം കൊണ്ടല്ല കരുണ അളക്കുന്നത്, അതിന് പിന്നിലെ ഉദ്ദേശം കൊണ്ടാണ്. ദിവസവും ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആളുകൾക്ക് ചെറിയൊരു കരുണ വലിയ കാര്യമായിരിക്കും' എന്നും പറഞ്ഞാണ് അവർ പോസ്റ്റ് അവസാനിപ്പിച്ചത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്. മിക്കവരും യുവതിയെ അഭിനന്ദിച്ചുകൊണ്ടാണ് കമന്റുകൾ നൽകിയത്.
