സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറുന്ന ആടുകളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ജര്‍മ്മനിയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. 

സൂപ്പർമാർക്കറ്റിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറി ആടുകൾ. വിചിത്രമായ സംഭവം നടന്നത് ജർമ്മനിയിലാണ്. തെക്കൻ സംസ്ഥാനമായ ബവേറിയയിലെ ഒരു ഡിസ്‌കൗണ്ട് സൂപ്പർമാർക്കറ്റ് ശൃംഖലയായ പെന്നിയിലേക്കാണ് ഒരുകൂട്ടം ആടുകൾ തിങ്കളാഴ്ച കയറിയത്. ആടുകൾ കയറി വന്നതോടെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാർ ആകപ്പാടെ അമ്പരന്നുപോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കടയിൽ കയറിയ ശേഷം അവ ആകെ ചുറ്റിനടന്നു. ചെക്ക് ഔട്ട് ഏരിയയിൽ 20 മിനിറ്റോളം നേരമാണ് അവ ചെലവഴിച്ചത്. ചില ജീവനക്കാരാവാട്ടെ കൗണ്ടറിൽ ഇടിച്ച് ശബ്ദമുണ്ടാക്കി അവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അവ അവിടെ തന്നെ നിൽക്കുകയായിരുന്നത്രെ.

Scroll to load tweet…

ഷോപ്പിംഗ് ബാഗുമായി പോകുന്ന ഒരാളെ കണ്ടപ്പോൾ അത് തീറ്റയാണ് എന്ന് തെറ്റിദ്ധരിച്ചാണ് ആടുകൾ കൂടുതൽ തീറ്റ തേടാനായി സൂപ്പർമാർക്കറ്റിലേക്ക് കയറിയതെന്നാണ് ആടുകളെ നോക്കുന്നയാൾ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ‌ മീഡിയയിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു. 500 ആടുകളുടെ ഒരുകൂട്ടത്തിൽ നിന്നും കൂട്ടം തെറ്റിയാണ് ഈ ആടുകൾ സൂപ്പർ മാർക്കറ്റിലേക്ക് എത്തിയത് എന്ന് പോസ്റ്റിൽ പറയുന്നു. വീഡിയോയിൽ യാതൊരു സങ്കോചവും കൂടാതെ ആടുകൾ കൂട്ടത്തോടെ സൂപ്പർ മാർക്കറ്റിലേക്ക് കയറുന്നതാണ് കാണുന്നത്. പിന്നാലെ അവ സൂപ്പർ മാർക്കറ്റിനകത്ത് തിക്കും തിരക്കും കൂട്ടി നിൽക്കുന്നതും സൂപ്പർ മാർക്കറ്റ് ജീവനക്കാർ അവയെ ഓടിക്കാൻ ശ്രമിക്കുന്നതും കാണാം. ഒടുവിൽ കുറേനേരത്തിന് ശേഷം സൂപ്പർ മാർക്കറ്റിൽ നിന്നും അവ പുറത്തേക്ക് പോകുന്നതും കാണാം.

എന്തായാലും, വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. ഇത് ആടുകളെല്ലാം കൂടി പ്ലാൻ ചെയ്ത് നടത്തിയ ഒരു അതിക്രമം പോലെയുണ്ട് എന്നാണ് ഒരാൾ തമാശയായി കുറിച്ചത്. മറ്റ് ചിലർ അതേസമയം, സൂപ്പർ മാർക്കറ്റിലെ ക്ലീനിം​ഗ് ജീവനക്കാരോടുള്ള സഹതാപമാണ് പ്രകടിപ്പിച്ചത്.