തന്റെ അമേരിക്കൻ യാത്രയില്‍ തനിക്കുണ്ടായ ഭീമമായ ചിലവുകളെ കുറിച്ച് ഒരു ഇന്ത്യൻ യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍‍ വൈറലാകുന്നത്. മൂന്ന് ദോശയ്ക്ക് 5,300 രൂപ നൽകേണ്ടി വന്നുവെന്നും യുവതി. 

തന്റെ അമേരിക്കന്‍ യാത്രയ്ക്കിടയിലെ ചിലവുകളെ കുറിച്ച് പരിഭവം പറഞ്ഞുകൊണ്ട് ഒരു ഇന്ത്യന്‍ യുവതി പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കോഫിയുടെയും ദോശയുടെയും വില കണ്ട് യുവതി ശരിക്കും ഞെട്ടി! ഇന്ത്യന്‍ രൂപയില്‍ വരുമാനമുള്ള ഒരാള്‍ അമേരിക്കയിലെ ഓരോ ചെലവും രൂപയിലേക്ക് മാറ്റിക്കണക്കാക്കുമ്പോള്‍ വലിയ ആശങ്കയാണുണ്ടാക്കുന്നതെന്നാണ് ആകൃതി പാണ്ഡെ എന്ന യുവതി തന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറയുന്നത്. മലേഷ്യന്‍ റിംഗിറ്റും തായ് ബാത്തും രൂപയുമായി താരതമ്യം ചെയ്തതിന് പിന്നാലെയാണ് താന്‍ അമേരിക്കയിലെത്തിയതെന്ന് ആകൃതി പറയുന്നു. 'ഇന്ന് ഒരു ഡോളറിന് 93 മുതല്‍ 95 രൂപ വരെയാണ് മൂല്യം. ഈ യാത്ര എന്‍റെ ജീവിതത്തെക്കുറിച്ച് തന്നെ എന്നെ ചിന്തിപ്പിക്കുകയാണ്' എന്ന് യുവതി പറയുന്നു.

Add Asianetnews as a Preferred SourcegooglePreferred

പൊതുഗതാഗത സൗകര്യങ്ങളില്ലാത്തതാണ് മറ്റൊരു പ്രശ്നമായി യുവതി ചൂണ്ടിക്കാണിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ വിമാനമിറങ്ങിയാല്‍ ഹോട്ടലിലെത്താന്‍ നല്‍കേണ്ടി വരുന്ന ടാക്സി നിരക്ക് ഒരു ദിവസത്തെ താമസത്തിന് നൽകേണ്ടുന്ന തുകയോളം വരും. കഴിഞ്ഞ ദിവസം ഒരു മോട്ടലിലെത്താന്‍ മാത്രം തനിക്ക് 67 ഡോളര്‍ (ഏകദേശം 6,000 രൂപയ്ക്ക് മുകളില്‍) ചെലവായെന്നും ആകൃതി പറയുന്നു.

View post on Instagram

ഭക്ഷണത്തിന്‍റെയും കോഫിയുടെയും വില ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോഴാണ് താന്‍ ശരിക്കും ഞെട്ടിയത്. '7-ഇലവനില്‍ നിന്ന് ലഭിക്കുന്ന മോശം കോഫിക്ക് പോലും 3-4 ഡോളര്‍ നല്‍കണം. ഇന്ത്യയില്‍ ഇത്രയും തുകയുണ്ടെങ്കില്‍ മികച്ച ബീന്‍സും ആല്‍മണ്ട് മിൽക്കും ചേർത്ത നല്ല കോഫി ലഭിക്കും. ബേ ഏരിയയില്‍ നിന്ന് മൂന്ന് ദോശ കഴിച്ചപ്പോള്‍ ബില്ല് വന്നത് 57 ഡോളറാണ്. അതായത് ഏകദേശം 5,300 രൂപ' എന്നാണ് ആകൃതി പറയുന്നത്.

ചെലവുകള്‍ രൂപയിലേക്ക് മാറ്റി ചിന്തിക്കരുത് എന്ന് പറയുന്നവരോട്, ഇന്ത്യയില്‍ ജോലി ചെയ്ത് ശമ്പളം വാങ്ങുന്ന ഒരാള്‍ക്ക് എങ്ങനെ അത് ചെയ്യാതിരിക്കാന്‍ കഴിയുമെന്നാണ് ആകൃതിയുടെ മറുചോദ്യം. കമ്പനി സ്പോണ്‍സർഷിപ്പോടെ വരുന്നവര്‍ക്ക് മാത്രമേ ഇത്തരം യാത്രകള്‍ ആസ്വദിക്കാനാകൂ എന്നും അല്ലാത്തപക്ഷം ഇത് വലിയ ഫിനാൻഷ്യൽ ആങ്സൈറ്റി ഉണ്ടാക്കുമെന്നും ആകൃതി കൂട്ടിച്ചേര്‍ത്തു. നിരവധിപ്പേരാണ് ആകൃതിയുടെ വീഡിയോയ്ക്ക് അവളെ അനുകൂലിച്ച് കൊണ്ട് കമന്റ് നൽകിയിരിക്കുന്നത്.